മഴക്കെടുതി; മരിച്ചത് 56 പേര്‍ നഷ്ടം 80 കോടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു മാസമായി നിലനില്‍ക്കുന്ന മഴക്കെടുതികളില്‍ മരിച്ചത് 56 പേര്‍. നാലുപേരെ കാണാതാകുകയും ചെയ്തു. 115 ദുരിതാശ്വാസ ക്യാമ്പുകളിലായി 5520 പേരെ മാറ്റിപ്പാര്‍പ്പിച്ചു. നിയമസഭയില്‍ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ റവന്യുമന്ത്രി അറിയിച്ച കണക്കുകളാണിത്. ഇതുവരെ 80 കോടിയോളം രൂപയുടെ നഷ്ടമുണ്ടായി. 71.39 കോടിയുടെ കൃഷിനാശനഷ്ടവും വീടുകള്‍ നശിച്ചതില്‍ 8.48 കോടിയുടെ നഷ്ടവുമാണുണ്ടായതെന്നും മന്ത്രി പറഞ്ഞു. കര്‍ണ്ണാടകത്തിലേക്കുള്ള മാക്കൂട്ടം -പെരുമ്പാടി-മൈസൂര്‍-തലശ്ശേരി പാത ഗതാഗതസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണ്ണാടക മുഖ്യമന്ത്രിക്ക് കേരളം കത്തയച്ചതായി കാലവര്‍ഷക്കെടുതി ബാധിച്ച മണ്ഡലങ്ങളിലെ അംഗങ്ങളുടെ ശ്രദ്ധക്ഷണിക്കലിനും സബ്മിഷനും മറുപടിയായി മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ഈ റോഡില്‍ കുടക് ജില്ലാ ഭരണകൂടം സമ്പൂര്‍ണ്ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. താമരശ്ശേരി ചുരം വഴിയുള്ള റോഡില്‍ ഏകദേശം 50 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി തകര്‍ന്ന നിലയാണുള്ളത്.