നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതിനിടെ രാജ്യത്തെ 550 ജില്ലകളില്‍ കോവിഡെത്തി; ലോക്ക്ഡൗണ്‍ പരാജയമോ?

Chicku Irshad

ന്യൂഡല്‍ഹി: രാജ്യത്ത് തുടരുന്ന സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിന്റെ നിയന്ത്രണങ്ങളില്‍ നിരവധി മേഖലകളില്‍ ഇളവ് വരുമ്പോള്‍ കോവിഡ് സ്ഥിരീകരണത്തിലുണ്ടാവുന്ന വ്യാപനം ആശങ്ക പടര്‍ത്തുന്നു. ലോക്ക്ഡൗണ്‍ അതിന്റെ നാലാം ഘട്ടത്തിലെത്തിനിക്കുമ്പോള്‍ കൊറോണ മഹാമാരിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിന്റെ റിപ്പോര്‍ട്ടുകള്‍ പരിശോധിക്കുമ്പോള്‍ രോഗവ്യാപന പട്ടികയും ലോക്ക്ഡൗണും തമ്മിലുള്ള വ്യത്യാസം പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

Hindustantimes

ലോക്ക്ഡൗണ്‍ നാലാം ഘട്ടം ഇന്ന് ആരംഭിക്കുമ്പോള്‍ ഇതിനകം ഇന്ത്യയിലെ ആകെയുള്ള 736 ജില്ലകളില്‍ 550 ലും കോവിഡ് -19 റിപ്പോര്‍ട്ട് ചെയ്തതായാണ് മെയ് 17 വരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തിലെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 180 ഓളം ജില്ലകളാണ് പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് സമാഹരിച്ച കണക്കുകള്‍ പ്രകാരം മെയ് 1 മുതല്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഒഡീഷ, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ ജില്ലകളിലാണ് കോവിഡിന്റെ വലിയ വ്യപനമുണ്ടായിരിക്കുന്നത്.

ഇത് രാജ്യത്ത് ലോക്ക്ഡൗണ്‍ നടപ്പാക്കിയതിന്റെ പിഴവാണ് സൂചിപ്പിക്കുന്നത്. മടക്കയാത്രക്ക് നാല് മണിക്കൂര്‍ പോലും അനുവദിക്കാതെ പ്രധാനമന്ത്രി നടപ്പാക്കിയ ലോക്ക്ഡൗണില്‍, കുടുങ്ങിപ്പോയ ആളുകളുടെ ലോക്ക്ഡൗണിന്റെ അവസാനഘട്ടത്തിലെ മടക്കമാണ് ഗ്രാമീണ മേഖലകളില്‍ പോലും രോഗം എത്താന്‍ കാരണമായതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിവിധ സംസ്ഥാനങ്ങളില്‍ കോവിഡ് സ്ഥിരീകരണത്തിലെ പെട്ടെന്നുള്ള ഉയര്‍ച്ച കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിവരുന്നതാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ആരോഗ്യ സുരക്ഷയും സംവിധാമങ്ങളും ദുര്‍ബലമായ ഈ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിലേക്ക് ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിവന്നതായാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇത്തരത്തില്‍ മടങ്ങിയ ആളുകളില്‍ അധികവും ലോക്ക്ഡൗണ്‍ കാലയളവില്‍ താമസിക്കാനിടംപോലുമില്ലാത്തവരായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അടച്ചുപൂട്ടലില്‍ ഒന്നുമില്ലാതായതോടെ ഗത്യന്തരമില്ലാതെ സ്വന്തം വീടുകളിലേക്ക് മടങ്ങേണ്ടി വന്നവരാണിവര്‍.

മെയ് 1 മുതലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഷ്രാമിക് ട്രെയിനുകള്‍ ആരംഭിച്ചത്. അതോടെ പണത്തിന്റെയും ഭക്ഷണത്തിന്റെയും കടുത്ത ക്ഷാമം നേരിടുന്ന കുടിയേറ്റ തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി. കൂടാതെ യാത്രക്ക് പോലും പണമില്ലാത്ത പതിനായിരക്കണക്കിന് ആളുകളാണ് ഓരോ ഇതര സംസ്ഥാനങ്ങളില്‍ നിന്നും സ്വന്തം ഗ്രാമങ്ങളിലേക്ക് നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് മടങ്ങിയത്.

ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ടിലെ ശനിയാഴ്ചത്തെ കണക്കുകള്‍പ്രകാരം ഇന്ത്യയിലെ മൊത്തം കേസുകളില്‍ 21% മാത്രമാണ് ഗ്രാമീണ ജില്ലകളില്‍ ഉള്ളത്. പല ഗ്രാമീണ ജില്ലകളിലും കോവിഡ് -19 കേസുകള്‍ ഒറ്റ അക്കത്തിലാണെന്നും രോഗബാധിതരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നുമാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 292 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഒഡീഷയിലെ ഗഞ്ചം ജില്ലയും 195 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബീഹാറിലെ മുന്‍ഗെര്‍ തുടങ്ങിയ ജില്ലകളും ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്.

ഹെല്‍പ്പ് ലൈനില്‍ രജിസ്റ്റര്‍ ചെയ്ത 6.5 ലക്ഷത്തില്‍ 80,000 ത്തോളം ആളുകള്‍ സംസ്ഥാനത്ത് തിരിച്ചെത്തിയതായാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഒഡീഷയില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് ലക്ഷം കുടിയേറ്റ തൊഴിലാളികളില്‍ 1,10,000 പേര്‍ തിരിച്ചെത്തിയതായി അധികൃതര്‍ അറിയിച്ചു.

ബീഹാറിലെ 36 ജില്ലകളിലും, മധ്യപ്രദേശിലെ 55 ജില്ലകളില്‍ 80 ശതമാനത്തിലും ഒഡീഷ, ജ ാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഛത്തീസ്ഡ് എന്നീ സംസ്ഥാനങ്ങളിലെ മൂന്നിലൊന്ന് ജില്ലകളിലും ഇതിനകം കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കോവിഡ് രോഗികളില്‍ രോഗത്തിന്റെ ഒരു ലക്ഷണങ്ങളും പ്രകടമാവുന്നില്ലെന്നാണ് വിവരം. എന്നാല്‍ ഇവര്‍ രോഗവ്യാപനത്തിന് കാരണക്കാരാകുകയും ചെയ്യും. ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ വിവിധ വാഹനങ്ങളും അല്ലാതെയുമായി മടങ്ങിയെത്തുന്ന കുടിയേറ്റക്കാരെ എങ്ങനെ പരിശോധനക്ക് വിധേയമാക്കും എന്നത് വെല്ലുവിളിയാവുകയാണ്. പലരും ലക്ഷണമില്ലാത്തവരാണെന്നതും ഇത് കൂടുതല്‍ പേരെ ബാധിച്ചേക്കാമെന്നതും സംസ്ഥാന സര്‍ക്കാറുകള്‍ ആശങ്കപ്പെടുന്നുണ്ട്.

ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊടുക്കേണ്ടിയിരുന്ന അത്യവശ്യ ഇളവുകള്‍ രോഗം പടര്‍ന്ന സഹാചര്യത്തില്‍ പ്രബല്യത്തില്‍ വരുമ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് അത് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കോവിഡ് വ്യാപനത്തില്‍ ഇതിനകം തന്നെ ഇന്ത്യ ചൈനയെ മറികടന്നിരിക്കുകയാണ്.

നാലാംഘട്ട ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച ഘട്ടത്തില്‍ രാജ്യത്ത് ഒറ്റദിവസത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായി ഇന്ന്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5242 കോവിഡ് 19 കേസുകളാണ് ഇന്ത്യയില്‍ പുതുതായി സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ഇന്ത്യയില്‍ ഉണ്ടാകുന്ന ഏറ്റവും കൂടിയ കേസുകളാണിത്. 24 മണിക്കൂറിനിടെ 157 പേര്‍ മരിക്കുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കേന്ദ്ര ആരോഗ്യ മന്ത്രാലയ കണക്കുകള്‍ പ്രകാരം രാജ്യത്ത് മൊത്തം കൊറോണ വൈറസ് കേസുകള്‍ 96,169 ആയി. ഇതില്‍ 56,316 സജീവ കേസുകളും 36,823 സുഖം പ്രാപിച്ച രോഗികളും ഉള്‍പ്പെടുന്നു. അതേസമയം ഇന്ത്യയില്‍ ആകെ മരണം 3029 ആയി.

അടച്ചിടല്‍ നാലാം ഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടും രോഗബാധിതരുടെ എണ്ണത്തിലെ വളര്‍ച്ച ആശങ്കക്കിടയാക്കുന്നുണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കൂടുതല്‍ ഇളവുകളോടെയാണ് നാലാംഘട്ട ലോക്ക്ഡൗണ്‍.