രാജ്യത്ത് കൊവിഡ് 17.5 ലക്ഷത്തിൽ; അമ്പതിനായിരവും കടന്ന്‌ പ്രതിദിന കൊവിഡ് ബാധ

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗവ്യാപനം അതിരൂക്ഷമായതോടെ പ്രതിദിന സ്ഥിരീകരണം ഇന്ത്യയില്‍ അമ്പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,736 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ ആകെ എണ്ണം 17,50,724 ആയി. ഏതാനും ദിവസങ്ങളായി അമ്പത്തി അയ്യായിരം കേസുകള്‍ വീതമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

രോഗബാധിതകരുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം രാജ്യത്തെ മരണ സംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം 853 പേര്‍ക്കാണ് കൊവിഡ് മൂലം മരണം സംഭവിച്ചിരിക്കുന്നത്. 37,364 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് മൂലം ജീവന്‍ പൊലിഞ്ഞത്. 2.13 ശതമാനമാണ് രോഗത്തെ തുടര്‍ന്ന്‌ രാജ്യത്തെ മരണ നിരക്ക്.

രോഗബാധ അതിരൂക്ഷമായ ആന്ധ്രാപ്രദേശിലും മഹാരാഷ്ട്രയിലും ശനിയാഴ്ച ഒമ്പതിനായിരത്തിലേറെ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ ഇന്നലെ മാത്രം 9,601 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 322 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ വൈറസ് ബാധിതരുടെ എണ്ണം 4,31,719 ആയി ഉയർന്നിരിക്കുകയാണ്. ഇതുവരെ ആകെ മരണങ്ങൾ 15,316 ആണ്.

ഇതോടൊപ്പം രാജ്യത്ത് രോഗമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും ആശ്വാസമാണ്. 11,45,630 പേരാണ് ഇതുവരെ രോഗമുക്തരായത്. 65.44 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 5,67,730 പേരാണ് രാജ്യത്ത് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്.

SHARE