ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം; അന്വേഷണത്തോട് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്

വാഷിങ്ടണ്‍: ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകള്‍. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്‍ നടത്തിയ സര്‍വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്‍ നടത്തുന്ന ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് അനുകൂലിച്ചത്. എന്നാല്‍ 43 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിനെ അനുകൂലിച്ച് രംഗത്തുള്ളത്. സര്‍വേയില്‍ പങ്കെടുക്കു പകുതി ആളുകളും ട്രംപിനെ വൈറ്റ്ഹൗസില്‍ നിന്നും പുറത്താക്കണം എന്നുവരെ ആവശ്യപ്പെട്ടു.

അതേസമയം ഇംപീച്ച്‌മെന്റിനു മുന്നോടിയായി തനിക്കെതിരെ ഡെമോക്രാറ്റുകള്‍ നടത്തുന്ന അന്വേഷണത്തോട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ്. ഡെമോക്രാറ്റുകള്‍ മുന്നോട്ടു വയ്ക്കുന്ന നിയമവിരുദ്ധമായ ഇംപീച്ച്‌മെന്റ് അന്വേഷണത്തോട് ട്രംപ് ഭരണകൂടം സഹകരിക്കില്ലെന്ന് വൈറ്റ് ഹൗസ് ജനപ്രതിനിധിസഭയെ അറിയിച്ചു.

നിങ്ങളുടെ അന്വേഷണത്തിന് നിയമാനുസൃതമായ ഭരണഘടനാ അടിത്തറയില്ലെന്നു ട്രംപിന്റെ അഭിഭാഷകന്‍ പാറ്റ് സിപോളോണ്‍ കുറ്റപ്പെടുത്തി. ന്യായത്തിന്‍ കണികപോലുമില്ല. പ്രാഥമികമായ നടപടികള്‍ പാലിച്ചിട്ടില്ല. അതുകൊണ്ട് ഈ അന്വേഷണത്തോട് സഹകരിക്കാന്‍ കഴിയില്ലല്ലെന്നും ജനപ്രതിനിധിസഭയിലെ ഡെമോക്രാറ്റിക് നേതാക്കള്‍ക്ക് അയച്ച കത്തില്‍ ട്രംപിന്റെ അഭിഭാഷകന്‍ പാറ്റ് സിപോളോണ്‍ പറയുന്നു.

ഉക്രെയ്ന്‍ ആരോപണവുമായി ബന്ധപ്പെട്ട ഒരു പ്രധാന സാക്ഷിയെ കോണ്‍ഗ്രസിന്റെ ഇംപീച്ച്‌മെന്റ് അന്വേഷണത്തിന് മുന്നില്‍ ഹാജരാക്കുന്നതില്‍ നിന്ന് ട്രംപ് ഭരണകൂടം പെട്ടെന്ന് തടഞ്ഞതിന് ശേഷമാണ് എട്ടു പേജുള്ള കത്തുമായി സിപോളോണ്‍ എത്തുന്നത്. യു.എസ് മുന്‍ വൈസ് പ്രസിഡന്റും ഡൊമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ഥിയുമായിരുന്ന ജോ ബൈഡനും മകനുമെതിരെ അന്വേഷണത്തിന് ഉത്തരവിടാന്‍ ഉക്രെയ്ന്‍ പ്രസിഡന്റ് വൊളേഡോ സെലന്‍സിക്ക് മേല്‍ ട്രംപ് സമ്മര്‍ദ്ദം സമ്മര്‍ദ്ദം ചെലുത്തി എന്നാണ് ആരോപണം.

ട്രംപിന്റേത് ഭരണഘടന വിരുദ്ധമായ നടപടിയാണെന്ന് മുതിര്‍ന്ന ഡൊമോക്രാറ്റിക്ക് നേതാവും ഹൗസ് സ്പീക്കറുമായ നാന്‍സി പെലോസി പറഞ്ഞിരുന്നു.
ഉക്രെയ്ന്‍ പ്രസിഡന്റിനെ ട്രംപ് പലതവണ ഫോണില്‍ വിളിച്ചെന്ന് ഒരു വിസില്‍ ബ്ലോവര്‍ ആണ് വെളിപ്പെടുത്തിയത്. പിന്നീട് ട്രംപിനെതിരെ യു.എസ് രഹസ്യാന്വേഷണ വിഭാഗത്തില്‍ പരാതിയും നല്‍കിയിരുന്നു.