24 മണിക്കൂറിനിടെ 51 മരണം; ഇതുവരെയുള്ള ഏറ്റവും വലിയ മരണനിരക്ക്- ആശങ്കയൊഴിയാതെ ഇന്ത്യ

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചു മരിച്ചവര്‍ 51 പേര്‍. വൈറസ് റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ഒരു ദിവസത്തില്‍ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന്. ഇതുവരെ 324 പേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 9352 പേരെയാണ് അസുഖം ബാധിച്ചത്.

നിലവില്‍ രാജ്യത്തെ 364 ജില്ലകളിലാണ് വൈറസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാര്‍ച്ച് 29ന് ഇത് 160 ജില്ലകളില്‍ മാത്രമായിരുന്നു. ഏപ്രില്‍ ആറിന് 284 ഉം. ഇതാണ് ഇപ്പോള്‍ 364ല്‍ എത്തി നില്‍ക്കുന്നത്.

ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്, 1985. ഡല്‍ഹിയില്‍ 1154 ഉം തമിഴ്‌നാട്ടില്‍ 1075 ഉം രാജസ്ഥാനില്‍ 804 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മദ്ധ്യപ്രദേശില്‍ 532, ഗുജറാത്തില്‍ 516 എന്നിങ്ങനെയാണ് കണക്കുകള്‍.

അതിനിടെ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് മേല്‍ ഏല്‍പ്പിക്കുന്ന ആഘാതം ചെറുതായിരിക്കില്ല എന്ന് ലോക ബാങ്ക് വ്യക്തമാക്കി. ഈ സാമ്പത്തിക വര്‍ഷം 1.5-2.8 ശതമാനം വളര്‍ച്ച മാത്രമാണ് ലോക ബാങ്ക് പ്രവചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4.8-5.0 ശതമാനമായിരുന്നു.

21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. രാവിലെ പത്തു മണിക്കാണ് അഭിസംബോധന. ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടാന്‍ നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണങ്ങളോടെ സമ്പദ് മേഖല പുനരാരംഭിക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്.