കള്ളനോട്ടിനല്ല; സെക്യൂരിറ്റി ത്രെഡില്ലാതെ ഇറക്കിയ നോട്ടുകള്‍ തിരുത്താനാണ് പിന്‍വലിക്കലെന്ന് ആക്ഷേപം

ന്യൂഡല്‍ഹി:500, 1000 നോട്ടുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം റിസര്‍വ്വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിനും പറ്റിയ വീഴ്ച്ച പരിഹരിക്കാനാണെന്ന് ആക്ഷേപം ഉയരുന്നു. രാജ്യത്ത് എത്തിയ കള്ളപ്പണം തടയാനാണ് നോട്ടുകള്‍ പിന്‍വലിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അറിയിപ്പ്. എന്നാല്‍ ഇത് നോട്ടുകള്‍ അടിക്കുന്നതില്‍ പറ്റിയ പിഴവ് പരിഹരിക്കാനാണെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം.

റിസ്സര്‍വ്വ് ബാങ്കില്‍ നിന്നും ആയിരത്തിന്റെ നോട്ടുകള്‍ അടിക്കുമ്പോള്‍ പിഴവ് സംഭവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെയായിരുന്നു സംഭവം. മുപ്പതിനായിരം കോടിരൂപയുടെ ആയിരത്തിന്റെ നോട്ടുകളില്‍ സെക്യൂരിറ്റി ത്രെഡ് ഇല്ലാതെയായിരുന്നു അച്ചടിച്ചത്. എന്നാല്‍ ഈ വാര്‍ത്ത അന്നുതന്നെ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. 5AG, 3AP സീരീസില്‍ പെട്ടവയായിരുന്നു തെറ്റു പറ്റിയ നോട്ടുകള്‍ എന്ന് സിഎന്‍എന്‍-ഐബിഎന്‍ 2016 ജനുവരി 19ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിസ്സര്‍വ്വു ബാങ്കിന് തെറ്റുപറ്റിയെന്നറിഞ്ഞതോടെ ബാങ്ക് മറ്റെല്ലാ ബാങ്കുകള്‍ക്കും നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇത്തരത്തിലുള്ള നോട്ടുമായി വരുന്നവര്‍ക്ക് നോട്ടിന്റെ മൂല്യം അനുവദിച്ച് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്.

മധ്യപ്രദേശിലെ ഹോഷംഗബാദിലുള്ള സെക്യൂരിറ്റി പ്രിന്റിംഗ് ആന്റ് മിന്റിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ ആണ് തെറ്റുപറ്റിയ നോട്ടുകള്‍ അച്ചടിച്ചത്. ഇതിനെ തുടര്‍ന്ന് മാനേജര്‍ എച്ച്‌കെ വാജ്‌പേയിയേയും ഡെപ്യൂട്ടി മാനേജര്‍ രവീന്ദറിനേയും സസ്‌പെന്റ് ചെയ്തിരുന്നു.സംഭവം അന്വേഷിക്കാന്‍ ധനമന്ത്രാലയം നിയോഗിച്ച അഞ്ചംഗ സംഘത്തിന്റെ അ്‌ന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു സസ്‌പെന്‍ഷന്‍. അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ തുടര്‍നടപടികളുടെ ഭാഗമായാണ് നോട്ടുപിന്‍വലിക്കലെന്നാണ് അറിയുന്നത്. എന്നാല്‍ ഇത് കൃത്യമായി ഒളിപ്പിച്ചു വെച്ച് കള്ളപ്പണത്തിന്റെ പേരില്‍ നോട്ടുപിന്‍വലിക്കുകയാണെന്ന  മോദി സര്‍ക്കാരിന്റെ കള്ളവാദം ആര്‍ക്കും പിടികിട്ടിയതുമില്ല.

SHARE