കറന്‍സി നിരോധനം; മോദിക്കെതിരെ ആഞ്ഞടിച്ച് മമതാ ബാനര്‍ജി

500, 1000 രൂപാ നോട്ടുകള്‍ മുന്നറിയിപ്പില്ലാതെ പിന്‍വലിച്ചതിനെതിരെ രൂക്ഷ വിമര്‍ശവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്. ട്വിറ്ററിലെ തുടര്‍ സന്ദേശങ്ങളിലൂടെയാണ് മമത നരേന്ദ്ര മോദിക്കെതിരെ തുറന്നടിച്ചത്. ഈ സംഭവത്തില്‍ മോദിക്കെതിരെ പരസ്യ പ്രതികരണം നടത്തുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് മമത.

‘ഞാന്‍ കള്ളപ്പണത്തിനും അഴിമതിക്കും എതിരാണ്. പക്ഷേ, സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും പറ്റി എനിക്ക് ആശങ്കയുണ്ട്. അവര്‍ എങ്ങനെയാണ് അവശ്യ വസ്തുക്കള്‍ വാങ്ങുക?’

‘ഇതൊരു സാമ്പത്തിക അലങ്കോലവും ദുരന്തവുമാണ്. ഇന്ത്യയിലെ സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്.’

‘പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിരുന്നതു പോലെ വിദേശത്തുനിന്ന് കള്ളപ്പണം തിരികെ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഈ നാടകം ആ പരാജയം മറച്ചുവെക്കുന്നതിനു വേണ്ടിയുള്ളതാണ്.’

‘എന്റെ പാവപ്പെട്ട സഹോദരീ സഹോദരന്മാര്‍, കഷ്ടപ്പെട്ട് അധ്വാനിച്ച് തങ്ങള്‍ നേടിയ 500 രൂപകൊണ്ട് ഇനിയെങ്ങനെ ആട്ടയും ചാലും വാങ്ങുമെന്ന് പ്രധാനന്ത്രിയില്‍ നിന്ന് അറിയാന്‍ എനിക്കാഗ്രഹമുണ്ട്’

‘വ്യാജമായ അഴിമതി വിരോധത്തിന്റെ പേരില്‍ ഹൃദയശൂന്യവും രോഗാതുരവുമായ പ്രഹരമാണ് പൊതുജനത്തിനും മധ്യവര്‍ഗത്തിനും മേല്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.’

‘100 രൂപാ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമല്ല. മാര്‍ക്കറ്റില്‍ ലഭ്യമില്ലാതെ ജനങ്ങളും ചെറുകിട കര്‍ഷകരും ജോലിക്കാരും തൊഴിലാളികളും എങ്ങനെ അവശ്യ സാധനങ്ങള്‍ വാങ്ങും?’

‘ഈ ക്രൂര നിയമം പിന്‍വലിക്കുക’

മമത ട്വീറ്റ് ചെയ്തു

SHARE