വാഡ്ഗം മണ്ഡലത്തിലെ 50 ഗ്രാമങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പികള്‍ കത്തിക്കുമെന്ന് ജിഗ്‌നേഷ് മേവാനി

അഹമ്മദാബാദ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധവുമായി ഗുജറാത്തില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എയും സാമൂഹിക പ്രവര്‍ത്തകനുമായ ജിഗ്‌നേഷ് മേവാനി. ഗുജറാത്ത് നിയമസഭാ അംഗമായ ജിഗ്‌നേഷ് എം.എല്‍.എയായ വാഡ്ഗം മണ്ഡലത്തിലെ 50 ഗ്രാമങ്ങളില്‍ ഇന്ന് പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പികള്‍ കത്തിക്കും.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമായി തന്റെ വാഡ്ഗം മണ്ഡലത്തിലെ 50 ഗ്രാമങ്ങളില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ കോപ്പികള്‍ കത്തിക്കുന്നതിന് ഇന്ന് തുടക്കമാവുമെന്ന് ജിഗ്‌നേഷ് മേവാനി ട്വീറ്റിലൂടെ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ നേരത്തെയും അദ്ദേഹം രംഗത്തുവന്നിരുന്നു. ഈ രാജ്യത്തെ കഷ്ണങ്ങളായി കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ഇത്തരം നിയമങ്ങള്‍ക്കായി പേപ്പറുകള്‍ നല്‍കരുതെന്ന്, മേവാനി രാജ്യത്തോടായി അഭ്യര്‍ത്ഥിച്ചിരുന്നു.
തന്റെ നിയമസഭാ മണ്ഡലമായ വാഡ്ഗായില്‍ എല്ലാവരും ഈ സമരത്തില്‍ ഒരുമിച്ചാണെന്നും മേവാനി പ്രതികരിച്ചു.
ഇത് കരിനിയമമാണെന്നും ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും അദ്ദേഹം വ്യക്തനാക്കി. നമ്മുടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ രൂപപ്പെടല്‍ തന്നെ മതനിരപേക്ഷതയില്‍ അധിഷ്ഠിതമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.