50 ടണ്ണിലധികം ഉത്പന്നങ്ങള്‍ കേരളത്തിലെത്തിക്കാന്‍ നടപടികളുമായി ഖത്തര്‍ എയര്‍വേയ്‌സ്

ദോഹ: പ്രളയക്കെടുതി നേരിടുന്ന കേരളത്തിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ നടപടികളുമായി ഖത്തര്‍ എയര്‍വേയ്‌സ് കാര്‍ഗോയും. എയര്‍ലൈന്റെ ദോഹ-തിരുവനന്തപുരം യാത്രാ വിമാനസര്‍വീസ് മുഖേനയായിരിക്കും അടിയന്തര സഹായം എത്തിക്കുക. പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി ഗതാഗത സൗകര്യം ലഭ്യമാക്കണമെന്ന് ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തില്‍നിന്നും നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് ചീഫ് ഓഫീസര്‍ കാര്‍ഗോ ഗ്വില്ലൗമെ ഹാലെക്‌സ് പറഞ്ഞു.

പ്രവാസികളില്‍ നിരവധിപേരുടെ ബന്ധുക്കളും കുടുംബങ്ങളും പ്രളയത്തില്‍ ബാധിക്കപ്പെട്ടിട്ടുണ്ട്. ദോഹയില്‍ നിന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍ സൗജന്യമായി കേരളത്തിലെത്തിക്കും. പ്രതിദിന യാത്ര വിമാന സര്‍വീസ് മുഖേനയായിരിക്കുമിത്. അധികം ആവശ്യമുള്ള അന്‍പത് ടണ്ണിലധികം ഉത്പന്നങ്ങള്‍ കേരളത്തിലെത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ 29വരെയായിട്ടായിരിക്കും ഇതു നടപ്പാക്കുക. ഇരകളുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് തങ്ങളുടെ പ്രാര്‍ഥനകളും ചിന്തകളുമെന്നും അദ്ദേഹം പറഞ്ഞു.

ദുരന്ത മേഖല വളരെ പെട്ടെന്നു തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈദ്ആഘോഷവേളയില്‍ കാരുണ്യസഹായത്തിലേക്ക് സംഭാവനകള്‍ നല്‍കാം. ഡ്രൈ ഫുഡ്, വെള്ളം. വസ്ത്രങ്ങള്‍, ആവശ്യമായ മരുന്നുകള്‍ എന്നിവ നല്‍കാം. ഓരോ സംഭാവനയും നൂറുകിലോ വരെ അനുവദിക്കും. ഷിപ്പ്‌മെന്റ് ബുക്കിങിനും അന്വേഷണങ്ങള്‍ക്കും- +974 4018 1685, +974 6690 8226 എന്നീ ഹോട്ട്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

SHARE