കണ്ണൂരില്‍ ബസപകടം; അഞ്ച് പേര്‍ മരിച്ചു, നിരവധിപേര്‍ക്ക് പരിക്ക്

കണ്ണൂര്‍: പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം കെ.എസ്.ടി.പി. പുതിയറോഡില്‍ സ്വകാര്യബസിടിച്ച് അഞ്ചു മരണം. ഒരു സ്ത്രീയും നാലു പുരുഷന്‍മാരുമാണ് അപകടത്തില്‍ മരിച്ചത്. ടയര്‍ പഞ്ചറായതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തിന് ഇരയായത്. തകരാറിലായ ബസില്‍ നിന്നും പുറത്തിറങ്ങിയവരെ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു.

ഏഴോം സ്വദേശി സുബൈദ, മകന്‍ മുഫീദ്, ചെറുകുന്ന് സ്വദേശി സുജിത്ത്, പഴയങ്ങാടി സ്വദേശി മുസ്തഫ എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ടിരുന്ന ബസിനു സമീപം നിന്നവരെ പിന്നാലെ വന്ന ബസ് ഇടിക്കുകയായിരുന്നു.
പയ്യന്നൂരില്‍നിന്ന് പഴയങ്ങാടിക്കു പോകുകയായിരുന്ന അന്‍വിദ ബസിന്റെ ടയര്‍ മാറുന്നതിനിടയില്‍ ബസിനു പുറത്തിറങ്ങി നിന്ന യാത്രക്കാര്‍ക്കുമേലാണ് പിന്നാലെ വന്ന വിഘ്‌നേശ്വര ബസ് ഇടിച്ചുകയറിയത്. പിന്നാലെ വന്ന ബസില്‍ കയറുന്നതിന് കൈകാട്ടി നിന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. ഇവരെ ഇടിച്ചതിനു ശേഷം അവന്‍വിദ ബസില്‍ വന്നിടിച്ച് നില്‍ക്കുകയായിരുന്നു. കനത്ത മഴ പെയ്യുന്നതിനിടെയായിരുന്നു അപകടം.

മരിച്ചവരുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലാണുള്ളത്. പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.

SHARE