രാജ്യത്ത് പ്രതിദിന കണക്ക് അരലക്ഷത്തിലേക്ക്; ഇന്നലെ 48,916 പേര്‍ക്ക് കോവിഡ്

ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് ബാധ ഗുരുതരമായി തുടരുന്നു.ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം അരലക്ഷത്തിലെത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 48,916 പേര്‍ക്ക് രോഗം ബാധിച്ചു. ഇതോടെ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13,36,861 പേരായി. നിലവില്‍ 4,56,071 പേരാണ് ചികിത്സയിലുള്ളത്. വെള്ളിയാഴ്ച മാത്രം 757 പേര്‍ കോവി!ഡ് ബാധിച്ചു മരിച്ചു. ആകെ മരണം 31,358.

രാജ്യത്ത് ഇതുവരെ 1,58,49,068 സാംപിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,20,898 സാംപിളുകള്‍ പരിശോധിച്ചു. മഹാരാഷ്ട്രയില്‍ ഇന്നലെ 9,615 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 278 മരണവും ഉണ്ടായി. ഇതോടെ ആകെ മരണം 13,132 ആയി. എങ്കിലും 31ന് അവസാനിക്കുന്ന ലോക്ഡൗണ്‍ ഇനിയും നീട്ടാനുള്ള സാധ്യത കുറവാണെന്നു മുഖ്യമന്ത്രി സൂചന നല്‍കി.

തമിഴ്‌നാട്ടില്‍ ഇന്നലെ 6,785 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. മരണം 88. ആകെ മരണം 3,320 ആയി. കോയമ്പത്തൂരില്‍ ഇന്നു വൈകിട്ട് 5 മുതല്‍ തിങ്കളാഴ്ച രാവിലെ 6 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസില്‍ പ്രതിയായ പൊലീസുകാരനും അന്വേഷണ സംഘത്തിലെ 4 സിബിഐ ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

SHARE