കൊലക്കേസിലെ പ്രതികള്‍ക്കടക്കം വക്കാലത്ത്; പിണറായി സര്‍ക്കാര്‍ ചെലവഴിച്ചത് 4.75 കോടി രൂപ

തിരുവനന്തപുരം: ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം കേസ് നടത്തിപ്പിന് അഭിഭാഷകര്‍ക്കായി ചെലവഴിച്ചത് നാല് കോടി 75 ലക്ഷം രൂപ. കൊലപാതകക്കേസില്‍ ഉള്‍പ്പെട്ടവര്‍ അടക്കമുള്ള പ്രതികള്‍ക്കായുള്ള വക്കാലത്തിനാണ് സര്‍ക്കാര്‍ ഭീമമായ തുക ചെലവിട്ടത്. 133 സര്‍ക്കാര്‍ അഭിഭാഷകര്‍ ഉള്ളപ്പോഴാണ് കോടികള്‍ മുടക്കി പുറത്തു നിന്ന് അഭിഭാഷകരെ എത്തിച്ചത്.

പിണറായി സര്‍ക്കാറിന്റെ കാലത്ത് പ്രധാനമായും 13 കേസുകളിലാണ് സുപ്രിം കോടതിയില്‍ നിന്നുള്‍പ്പെടെയുള്ള അഭിഭാഷകരെ ഹൈക്കോടതിയിലെത്തിച്ച് വാദം നടത്തിയത്. ഇവര്‍ക്ക് വേണ്ടിയാണ് ഭീമമായ തുക ചെലവിട്ടത്. ഹൈക്കോടതിയില്‍ അഡ്വക്കറ്റ് ജനറലിന്റെ നേത്വതൃത്തില്‍ 133 സര്‍ക്കാര്‍ അഭിഭാഷകരുണ്ട്. ഇവരുടെ മാസ ശമ്പളം ഒരു കോടി 49 ലക്ഷം രൂപയാണ്.ഇതിന് പുറമെ എജി, രണ്ട് അഡീ. എജി, ഡി ജിപി, അഡി. ഡിജിപി, സ്റ്റോറ്റ് അറ്റോണി, സെപ്ഷ്യല്‍ ഗവ. പ്ലീഡര്‍ എന്നിവര്‍ക്ക് ശമ്പളം കൂടാതെ പ്രത്യേക സിറ്റിംഗ് ഫീസും നല്‍കുന്നുണ്ട്. ഇത്രയും വലിയ തുക ശമ്പളമായി സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് മാസം തോറും നല്‍കുമ്പോഴാണ് കൊലപാതക കേസിലെ ഉള്‍പ്പെടെയുള്ള പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും വന്‍ തുക ചെലവഴിച്ച് അഭിഭാഷകരെ എത്തിച്ചത്. എജി ഓഫിസില്‍ നിന്നും പൊതുപ്രവര്‍ത്തകനായ ധനരാജിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങള്‍.

കാസര്‍കോട് രണ്ട് യുവാക്കളുടെ കൊലപാതകം സി.ബി.ഐ ക്ക് വിടണമെന്ന ഹര്‍ജിയിലും ഷുഹൈബ് വധക്കേസിലുമുള്‍പ്പെടെയാണ് കനത്ത് ഫീസ് നല്‍കി സര്‍ക്കാര്‍ അഭിഭാഷകരെ ഹൈക്കോടതിയിലെത്തിച്ചത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി നല്‍കിയ ഹരജിക്കെതിരെ വാദം നടത്തുന്നതിനും പുറത്തു നിന്ന് വക്കീലുമാരെ എത്തിച്ചു.

സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് എതിരെ വാദിച്ച അഭിഭാഷകന് നല്‍കിയത് 1.20 കോടി രൂപയാണ്. സുപ്രിംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത് കുമാറാണ കേസ് വാദിക്കാനായി ഹൈക്കോടതിയില്‍ എത്തിയിരുന്നത്. ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കരുത് എന്ന് വാദിക്കാന്‍ 34 ലക്ഷം രൂപയാണ് ചെലവാക്കിയത്് എന്ന് സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.

SHARE