പാര്‍ക്കിങിനെ ചൊല്ലിയുള്ള തര്‍ക്കം; ഡ്രൈവറെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഡ്രൈവറെ വെടിവെച്ചു കൊന്നു.സൗത്ത് ഡെല്‍ഹിയിലെ കോട്ട്ല മുബാറക്ക്പൂര്‍ മേഖലയിലാണ് തര്‍ക്കത്തെ തുടര്‍ന്ന് ഓല ക്യാബ് ഡ്രൈവര്‍ ഉമേഷ് യാദവ് (40) കൊല്ലപ്പെട്ടത്.
സംഗം വിഹാര്‍ സ്വദേശിയാണ് ഉമേഷ്. വാഗണ്‍ ആര്‍ കാറുപയോഗിച്ച് ഓല സര്‍വീസ് നടത്തി വരികയായിരുന്നു ഉമേഷ് യാദവ്. ഭാര്യയും മൂന്നു മക്കളുമാണ് ഉമേഷിനുള്ളത്.

കോട്ട്ല മുബാറക്പൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും 300 മീറ്റര്‍ മാത്രം അകലെയായണ് സംഭവം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശ്നമുണ്ടാകുമ്പോള്‍ തന്നെ അക്രമി സംഘത്തിന്റെ പക്കല്‍ തോക്കുണ്ടായിരുന്നുവെന്നും പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതിന്റെ തെളിവാണിതെന്നും പൊലീസ് പറഞ്ഞു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രതികളെ കുറിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം പൂര്‍ത്തിയാക്കാത്തതിനാല്‍ പ്രതികളുടെ പേരുകള്‍ പുറത്തു വിടാനാവില്ലെന്നും പൊലീസ് വ്യക്തമാക്കി. 2014ല്‍ അഖാ സലോനി എന്ന മണിപ്പൂരി യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതും ഇതേ സ്ഥലത്ത് വെച്ചായിരുന്നു.