രാജ്യത്ത് 24 മണിക്കൂറിനിടെ മരിച്ചത് 40 പേര്‍; ഇതുവരെ 239 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധ മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 40 പേര്‍ മരിച്ചു. ഇതുവരെ മരിച്ചത് 239 പേരാണ്. അതേസമയം, കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 7447 ആയി. ഇതില്‍ 643 പേര്‍ രോഗമുക്തരായി. വെള്ളിയാഴ്ച മാത്രം 800 ഓളം പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയെ സംബന്ധിച്ച് ഒറ്റ ദിവസത്തെ ഏറ്റവും വലിയ കണക്കാണിത്.

ഈ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടാന്‍ ഒഡീഷ, പഞ്ചാബ് സര്‍ക്കാരുകള്‍ തീരുമാനിച്ചിട്ടുണ്ട്. ഏപ്രില്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടാനാണ് ആലോചന. ലോക്ക്ഡൗണ്‍ നീട്ടുമെന്ന സൂചനകള്‍ ഇതിനോടകം രാജസ്ഥാന്‍ സര്‍ക്കാരും നല്‍കി ക്കഴിഞ്ഞു. അതിനാല്‍ ലോക്കഡൗണ്‍ നീട്ടുമോ എന്ന തീരുമാനത്തെ രാജ്യം ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട തീരുമാനം പ്രധാനമന്ത്രി തിങ്കളാഴ്ചയോടെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത

കൊറോണവൈറസിന്റെ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് ലോക ആരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മഹാരാഷ്ട്രയിലാണ് 1574. ഇന്ത്യയിലെ നിലവിലെ ഏഴിലൊന്ന് കൊവിഡ് കേസുകളും മാഹാരാഷ്ട്രയിലായതിനാല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി രോഗബാധിതരെ എത്രയും പെട്ടെന്ന് തിരിച്ചറിയുക എന്നതാണ് മഹാരാഷ്ട്ര സര്‍ക്കാരിനു മുന്നിലെ പോംവഴികളിലൊന്ന്.

SHARE