ഇസ്‌ലാം വിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രകടനം നടത്തിയവര്‍ക്ക് നേരെ വെടിവെപ്പ്: നാല് മരണം

ധാക്ക: ഫേസ്ബുക്കില്‍ ഇസ്‌ലാം വിരുദ്ധ പരാമര്‍ശം നടത്തിയ വ്യക്തിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവര്‍ക്കെതിരെ പൊലീസ് വെടിവെപ്പ്. പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ നാല് പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്ക്. യുവാവ് നടത്തിയ ഇസ്‌ലാം വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചു ആയിരങ്ങളാണ് തെരുവില്‍ ഇറങ്ങിയത്.
ഇരുപതിനായിരത്തോളം പേരാണ് കഴിഞ്ഞ ദിവസം ഭോല ദ്വീപിലെ നഗരമായ ബൊര്‍ഹാനുദ്ദീനിലെ പ്രാര്‍ത്ഥനാ ഗ്രൗണ്ടില്‍ ഒത്തു കൂടിയത്. ഫേസ്ബുക്ക് പോസ്റ്റിട്ട യുവാവിനെ വധശിക്ഷയ്ക്ക് വിധേയമാക്കണമെന്നു പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു. പ്രകടനം അക്രമാസക്തമായപ്പോഴാണ് പൊലീസ് വെടിവെച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. പ്രകടനം നിയന്ത്രണം വിട്ടപ്പോള്‍ സ്വയരക്ഷയ്ക്ക് വേണ്ടി വെടിവെയ്ക്കുകയായിരുന്നു. നാല് പേര്‍ കൊല്ലപ്പെട്ടതായും 50 ഓളം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ വ്യക്തമാക്കി. സൈന്യത്തെ വിന്യസിച്ചതിനു ശേഷമാണ് ദ്വീപിലെ സംഘര്‍ഷത്തിനു അയവു വന്നത്. അതേസമയം, മരണ സഖ്യ ഉയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഏഴ് പേര്‍ മരിച്ചതായും 45 പേരുടെ നില ഗുരുതരമാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അപകീര്‍ത്തികരമായ പോസ്റ്റ് പ്രത്യക്ഷപെട്ട അക്കൗണ്ടിന്റെ ഉടമയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നു യുവാവ് പൊലീസില്‍ മൊഴി നല്‍കി. പരിശോധനയില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നു വ്യക്തമായതായി പൊലീസ് പറയുന്നു.

SHARE