മെയ് 3 ന് ശേഷം ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രിമാര്‍

കൊറോണ വൈറസ് വ്യാപിക്കുന്നത് തടയാന്‍ മെയ് 3 ന് ശേഷവും ലോക്കഡൗണ്‍ നീട്ടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍്. തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയുമായുള്ള നടന്ന വെര്‍ച്വല്‍ മീറ്റിലാണ് ലോക്ക്ഡൗണ്‍ വിപുലീകരണം വേണമെന്ന് ആവശ്യപ്പെട്ട് നാല് മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയത്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍, മേഘാലയയിലെ ഗ്രീന്‍ സോണ്‍ ബാധിത ജില്ലകളിലെ പ്രവര്‍ത്തനങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് മെയ് മൂന്നിന് ശേഷവും ലോക്ക്ഡൗണ്‍ തുടരാന്‍ തീരുമാനിച്ചതായി മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സംഗമ ട്വീറ്റ് ചെയ്തു.

കൊറോണ വൈറസിന്റെ മാരകമായ വ്യാപനത്തെ നേരിടാന്‍ ലോക്ക്ഡൗണ്‍ സഹായകമായെന്ന് രാജ്യത്തെ കോവിഡ് -19 സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച മുഖ്യമന്ത്രിമാരുടെ നടത്തിയ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ലോക്ക്ഡൗണ്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രിമാര്‍ നടത്തിയ സംയുക്ത ശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.

ഒരു പ്രദേശത്ത് രോഗം വ്യാപിക്കുന്നതില്‍ കുറ്റം തോന്നരുതെന്നും അതൊരു തെറ്റല്ലെന്നും സര്‍ക്കാര്‍ അങ്ങനെ കാണുന്നില്ലെന്നും ഞങ്ങള്‍ നിങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നതായായും പ്രധാനമന്ത്രി മോദി മുഖ്യമന്ത്രികളോട് പറഞ്ഞു. അതുപോലെ തന്നെ, ഒരു വലിയ നഗരത്തിന്റെ ചില പ്രദേശങ്ങള്‍ റെഡ് സോണിലാണെങ്കില്‍, വലിയ നഗരത്തിന്റെ മറ്റ് പ്രദേശങ്ങളും സംരക്ഷിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് നന്നായി അറിയാമെന്ന് ഞാന്‍ കരുതുന്നതായും പുതിയ മേഖലകളില്‍ രോഗം എങ്ങനെ പടരുന്നു, എന്തുകൊണ്ടാണ് ഇത് പടരുന്നത്, ആളുകള്‍ എങ്ങനെ പുറത്തു നിന്ന് വരുന്നു, വന്നതിനുശേഷം അവര്‍ അറിയിക്കാത്തതെത്ത് എന്തുകൊണ്ട് അവര്‍ക്ക് മാനസിക സമ്മര്‍ദ്ദവും ഉണ്ടോ എ്‌ന്നെല്ലാം പരിശോധിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രിയുമായി സംസാരിച്ചത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മീറ്റിങ്ങില്‍ പങ്കെടുത്തിട്ടില്ല. മേഘാലയ, മിസോറം, പുതുച്ചേരി, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ, ബീഹാര്‍, ഗുജറാത്ത്, ഹരിയാന എന്നി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ മോദിയുമായി ചര്‍ച്ച നടത്തി.

രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ അടച്ചിടല്‍ തുടരണമെന്ന ആവശ്യവുമായി ഡല്‍ഹി, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളാണ് രംഗത്തെത്തിയത്. മെയ് 16 വരെ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ഡല്‍ഹിയുടെ ആവശ്യം. എന്നാല്‍ കേന്ദ്രനിര്‍ദ്ദേശം അംഗീകരിക്കുമെന്ന് ഗുജറാത്ത്, ആന്ധ്രപ്രദേശ്, തമിഴ്‌നാട്, ഹരിയാന, ഹിമാചല്‍ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചക്ക് പിന്നാലെ ലോക്ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രത്യേക വാര്‍ത്താസമ്മേളനമുണ്ടാകുമെന്നാണ് സൂചന. അതേസമയം, ഒരു മാസം കൂടി ലോക്ക്ഡൗണ്‍ നീട്ടുമെന്നും സൂചനയുണ്ട്.