ന്യൂഡല്‍ഹി: പൗരത്വഭേദഗതി സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റിലായ ജാമിഅ സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി സഫൂറ സര്‍ഗാറിന് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് വീണ്ടും ഡല്‍ഹി പൊലീസ്. പത്തു വര്‍ഷത്തിനിടെ തിഹാര്‍ ജയിലില്‍ 39 പ്രസവങ്ങള്‍ നടന്നിട്ടുണ്ടെന്നും ഗര്‍ഭിണിയായ സഫൂറയ്ക്ക് മാത്രം പ്രത്യേക പരിഗണന നല്കാന് കഴിയില്ലെന്നും പൊലീസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.
ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ കുറ്റം ചുമത്തിലാണ് സഫൂറയെ പൊലീസ് ഏപ്രില്‍ 10ന് അറസ്റ്റു ചെയ്തിരുന്നത്. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയാണ് നാലു മാസം ഗര്‍ഭിണിയായ ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയാണ് ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം കൂടിയായ സഫൂറ.
സഫൂറയുടെ ഗര്‍ഭം അവരുടെ കുറ്റത്തിന്റെ തീവ്രത കുറയ്ക്കുന്നില്ലെന്ന് പൊലീസ് സര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജയിലില്‍ അവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ പരിരക്ഷ ലഭിക്കുന്നുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.
‘ഹീനമായ കുറ്റകൃത്യമാണ് സഫൂറ ചെയ്തിട്ടുള്ളത്. ഗര്‍ഭിണിയാണ് എന്നതു കൊണ്ടു മാത്രം അവര്‍ക്ക് ഇളവു നല്‍കാനാകില്ല. ഇതു മാത്രം പരിഗണിച്ചു ജാമ്യവും നല്‍കരുത്. ജയിലിലെ കസ്റ്റഡി കാലാവധിയില്‍ അവര്‍ക്ക് ആവശ്യമായ പരിരക്ഷ നല്‍കുന്നുണ്ട്’ – റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പെഷ്യല്‍ സെല്‍ ഡി.സി.പി പി.എസ് കുഷ്വാഹയാണ് റിപ്പോര്‍ട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. നേരത്തെ, ജൂണ്‍ നാലിന് സഫൂറ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
18 കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ആഹ്വാനം, ആയുധങ്ങള്‍ കൈവശംവെക്കുക, കൊലപാതക ശ്രമം, അക്രമത്തിന് പ്രേരണ നല്‍കുക, ഇരു മതവിഭാഗങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയവ ഇതിലുണ്ട്.
ജാഫറാബാദില്‍ സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് നയിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. ഇതില്‍ ജാമ്യം ലഭിച്ചെങ്കിലും മറ്റു കേസുകളുടെ പേരില്‍ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്ന. സഫൂറ്ക്കെതിരെ ചുമത്തിയ യഥാര്‍ഥ കേസുകളോ അറസ്റ്റിലേക്ക് നയിച്ച മറ്റു കാര്യങ്ങളോടെ പുറത്തുവിടാന്‍ പൊലീസ് ആദ്യഘട്ടത്തില്‍ തയാറായിരുന്നില്ല. പിന്നീട് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായത്.