ടി.പി വധക്കേസ് പ്രതി കുഞ്ഞനന്തന് നാല് വര്‍ഷത്തിനിടെ 384 ദിവസം പരോള്‍

കണ്ണൂര്‍: ഇടത് ഭരണത്തില്‍ കൊലക്കേസ് പ്രതികള്‍ക്ക് സുഖവാസം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ കുഞ്ഞനന്തന് നാല് വര്‍ഷത്തിനിടെ നല്‍കിയത് 384 ദിവസത്തെ പരോള്‍. അവസാനം നാല്‍പത് ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ച സര്‍ക്കാര്‍ ഇന്നലെ അഞ്ച് ദിവസം കൂടി നീട്ടി നല്‍കി ഉത്തരവിറക്കി.

സാധാരണ പരോളിന് പുറമെ ജയില്‍ സൂപ്രണ്ടിന് 10 ദിവസവും, ഡിജിപിക്ക് 15 ദിവസവും, സര്‍ക്കാരിന് 45 ദിവസവും അധികമായി അനുവദിക്കാമെന്നും നിയമപ്രകാരമുളള ഈ ഇളവേ കുഞ്ഞനന്തന് കിട്ടുന്നുള്ളൂവെന്നുമാണ് ജയില്‍വകുപ്പിന്റെ വിശദീകരണം.

സര്‍ക്കാര്‍ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പറഞ്ഞു. നേരത്തെ പ്രായാധിക്യം കണക്കിലെടുത്ത് കുഞ്ഞനന്തന് ശിക്ഷയില്‍ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കെ.കെ രമയുടെ പരാതിയില്‍ ഗവര്‍ണര്‍ ഇടപെട്ടതോടെ അത് നടക്കാതെ പോയി. തുടര്‍ന്നാണ് അടിക്കടി പരോള്‍ നല്‍കിയുള്ള ആഭ്യന്തരവകുപ്പിന്റെ ആനുകൂല്യം.