ന്യൂഡല്‍ഹി: വരും മാസങ്ങളില്‍ രാജ്യത്തെ കോവിഡ് പോസിറ്റീവ് കേസുകളിലും മരണങ്ങളും വന്‍ വര്‍ദ്ധനയുണ്ടാകുമെന്ന് പഠനം. മെയ് മദ്ധ്യത്തോടെ 5.35 ലക്ഷം പേര്‍ക്ക് വൈറസ് ബാധയേല്‍ക്കുമെന്നും 38,220 പേര് മരിക്കുമെന്നുമാണ് വിവിധ സര്‍വകലാശാലയിലെ വിദഗ്ദ്ധര്‍ നടത്തിയ പഠനം പറയുന്നത്.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ബാംഗ്ളൂര്‍, ഐ.ഐ.ടി ബോംബെ, ആംഡ് ഫോഴ്സസ് മെഡിക്കല്‍ കോളജ് പൂനെ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. ഇറ്റലി, ന്യൂയോര്‍ക്ക് സ്റ്റേറ്റ് എന്നിവിടങ്ങളിലെ പോസിറ്റീവ് കേസുകളും മരണങ്ങളും പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംഘം ഈ നിഗമനത്തിലെത്തിയത്.
‘ നിലവിലെ വിവരങ്ങള്‍ അപഗ്രഥിക്കുമ്പോള്‍ മെയ് 19 ഓടു കൂടി 38000 കോവിഡ് പോസിറ്റീവ് മരണങ്ങളുണ്ടാകും. കൃത്യമായ എണ്ണം വ്യത്യാസപ്പെടാം. ഐ.സി.യു, മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ അഭാവം കാര്യങ്ങള്‍ ഇതിലും മോശമാക്കാം’- ജെ.എന്‍.യുവിലെ അസിസ്റ്റന്റ് പ്രൊഫസര്‍ സന്തോഷ് അന്‍സുമാലി പറഞ്ഞു.
ഏപ്രില്‍ ഒന്നിനും 28നും ഇടയ്ക്ക് 1,012 മരണങ്ങള് ഉണ്ടാകുമെന്നാണ് പ്രവചനം. മെയ് അഞ്ചോടോ മരണം 3,258 ആകും. മെയ് 12ന് 10,924 ഉം മെയ് 19ന് 38,220 ഉം ആകും- റിപ്പോര്‍ട്ട് പ്രവചിക്കുന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 1,400 ലധികം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. നാല്‍പ്പത്തിയൊന്ന് പേര് മരിക്കുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ വരെയുളള കണക്കനുസരിച്ച് 21,393 പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ബുധനാഴ്ച ആകെ രോഗബാധിതരുടെ എണ്ണം 19,984 ആയിരുന്നു. 16,454 പേരാണ് നിലവില്‍ പോസിറ്റീവ് ആയിട്ടുള്ളത്. 4,257 പേര് രോഗമുക്തി നേടി. ആകെ രോഗികളില്‍ 77 പേര് വിദേശികളാണ്. ഇവര്‍ക്ക് ഇന്ത്യയില്‍ വെച്ചാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 681 പേരാണ് ഇതുവരെ മരിച്ചത്.