ലോക്ക്ഡൗണില്‍ മദ്യം കിട്ടാന്‍ ക്രഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈമാറി; മുംബൈയില്‍ യുവതിക്ക് നഷ്ടമായത് 60,000 രൂപ!

മുംബൈ: മദ്യം വാങ്ങാനായി ക്രഡിറ്റ് കാര്‍ഡ് വിവരങ്ങളും ഒ.ടി.പിയും കൈമാറിയ മുപ്പത്തിമൂന്നുകാരി യുവതിക്ക് അക്കൗണ്ടില്‍ നിന്ന് നഷ്ടമായത് അറുപതിനായിരം രൂപ! ഗാംദേവിയിലെ അര്‍ബുദ ബാധിതയായ യുവതിയാണ് വഞ്ചിക്കപ്പെട്ടത്. നല്ല ഉറക്കം കിട്ടാന്‍ മദ്യം കഴിക്കുന്നത് ശീലമുള്ള യുവതി സുഹൃത്തിനെ കൊണ്ട് വൈന്‍ വാങ്ങിപ്പിക്കുന്നതിനിടെയാണ് വഞ്ചിക്കപ്പെട്ടത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; കഴിഞ്ഞ 18 മാസമായി രക്താര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു യുവതി. ശരീര വേദന അസഹനീയമായതിനാല്‍ നല്ല ഉറക്കം കിട്ടാനായി അല്‍പ്പം വൈന്‍ കഴിക്കാറുണ്ട്. ലോക്ക് ഡൗണ്‍ മൂലം കടകളെല്ലാം അടഞ്ഞു കിടക്കുകയായതിനാല്‍ മദ്യം കിട്ടാനായി അവര്‍ സുഹൃത്തുക്കളുടെ സഹായം തേടി.

ഒരു സുഹൃത്ത് മറ്റൊരാളുടെ നമ്പര്‍ നല്‍കി. വീട്ടില്‍ മദ്യം കൊണ്ടു തരും എന്നായിരുന്നു സുഹൃത്ത് പറഞ്ഞത്. ഏപ്രില്‍ നാലിന് യുവതി അയാളെ വിളിച്ചു. ആരാണ് എന്ന് വെളിപ്പെടുത്താന്‍ അയാള്‍ തയ്യാറായില്ല. ആദ്യം പണം നല്‍കിയാല്‍ മദ്യം എത്തിക്കാം എന്നായിരുന്നു വാഗ്ദാനം.

ക്രഡിറ്റ് കാര്‍ഡും പിന്നീട് ബാങ്കില്‍ നിന്ന് യുവതിയുടെ ഫോണിലേക്ക് വന്ന ഒ.ടി.പി നമ്പറും കൈമാറാന്‍ അയാള്‍ ആവശ്യപ്പെട്ടു. ഒ.ടി.പി നല്‍കിയതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് 19000 രൂപ പിന്‍വലിക്കപ്പെട്ടതായി കണ്ടു. ഫോണില്‍ വിളിച്ചപ്പോള്‍ ഒരപാകത പറ്റിയെന്ന് അയാള്‍ പറഞ്ഞു. വീണ്ടും ഒ.ടി.പി ആവശ്യപ്പെട്ടു. ഇത്തവണ 41000 രൂപയാണ് പിന്‍വലിക്കപ്പെട്ടത്. മൂന്നാം തവണയും ഒ.ടി.പി വിവരങ്ങള്‍ക്കായി വിളിച്ചപ്പോഴാണ് അവര്‍ വഞ്ചിക്കപ്പെട്ടതായി മനസ്സിലാക്കിയത്. ഇതോടെ ഭര്‍ത്താവിനെ വിവരമറിയിച്ചു. ഇരുവരും ഒന്നിച്ചാണ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്- പൊലീസ് പറഞ്ഞു.

‌ ശിക്ഷാനിയമത്തിലെ വഞ്ചന, മോഷണം തുടങ്ങിയ വിവിധ വകുപ്പുകല്‍ പ്രകരം ഗാംദേവി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യുവതിയുടെ സുഹൃത്തിന് എങ്ങനെയാണ് ഇയാളുടെ നമ്പര്‍ ലഭിച്ചത്? എങ്ങനെ ഇത്രയും കൂടുതല്‍ പണം പിന്‍വലിക്കാനുള്ള സാഹചര്യമുണ്ടായി എന്നതിനെ കുറിച്ചെല്ലാം അന്വേഷിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.