ലിമ: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവില്‍ 3000 വര്‍ഷം പഴക്കമുള്ള ജലക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. മുപ്പത് വര്‍ഷത്തിനിടെ മേഖലയില്‍ കണ്ടെത്തുന്ന ഏറ്റവും സുപ്രധാനമായ പുരാവസ്തുശേഖരമാണിത്. തലസ്ഥാനമായ ലിമയില്‍നിന്ന് 500 കിലോമീറ്റര്‍ അകലെ സനവാലി നദിക്ക് സമീപമാണ് ക്ഷേത്രാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നതെന്ന് ഗവേഷകര്‍ പറയുന്നു.
നദിയിലെ ജലത്തിനെ പൂജിക്കുന്ന രീതിയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. 32 അടി വീതിയും 49 അടി നീളവുമുള്ള ചവിട്ടുപടികള്‍ ക്ഷേത്രത്തിന്റെ പ്രധാന സവിശേഷതയാണ്. 1500 ബിസി മുതല്‍ 292 എഡി വരെയുള്ള 21 ശവകുടീരങ്ങളും കണ്ടെത്തി. ചതുരാകൃതിയിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. സനവാലി നദിയില്‍നിന്നുള്ള വെള്ളം ക്ഷേത്രത്തിന്റെ മധ്യഭാഗത്ത് എത്താന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതേ കാലഘട്ടത്തിലെ മറ്റു പുരാവസ്തുക്കള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത് നദിയെയും ജലത്തേയും പൂജിച്ചിരുന്ന ക്ഷേത്രമാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. വാള്‍ട്ടര്‍ ആല്‍വ എന്ന പുരാവസ്തുഗവേഷകനും സംഘവുമാണ് ജലക്ഷത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2007ല്‍ നാലായിരത്തിലേറെ വര്‍ഷം പഴക്കമുള്ള പ്രതിമകള്‍ ഉള്‍പ്പെടെ നിരവധി പുരാവസ്തുക്കള്‍ വാള്‍ട്ടര്‍ കണ്ടെത്തിയിരുന്നു.