കോവിഡ് ബാധിക്കാതെ 300 ജില്ലകള്‍; റെഡ് സോണുകളുടെ എണ്ണം കുറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരി ബാധിക്കാത്ത മുന്നൂറ് ജില്ലകളുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍. 300 ജില്ലകളില്‍ കോവിഡ് കുറച്ചു മാത്രമേ ബാധിച്ചിട്ടുള്ളൂവെന്നും 129 ജില്ലകളിലാണ് ഹോട്‌സ്‌പോട്ടുകള്‍ ഉള്ളതെന്നും അദ്ദേഹം വിശദീകരിച്ചു. രാജ്യത്ത് മൊത്തം 779 ജില്ലകളാണ് ഉള്ളത്.

എണ്‍പത് ജില്ലകളില്‍ ഏഴു ദിവസമായി പുതിയ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 47 ജില്ലകളില്‍ രണ്ടാഴ്ചയായി കേസുകളുണ്ടായിട്ടില്ല. 39 ജില്ലകളില്‍ 21 ദിവസമായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് റെഡ്‌സോണുകളുടെ എണ്ണം കുറഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 129 റെഡ് സോണുകളാണ് ഉള്ളത്. ഗ്രീന്‍സോണിലുള്ള ജില്ലകളുടെ എണ്ണം 254 ആയി ഉയര്‍ന്നു. അഞ്ച് നഗരങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും രോഗബാധിതരുള്ളത്.

കേരളം, ചണ്ഡിഗഡ്, ഡല്‍ഹി, ഗോവ, ലഡാക്ക് എന്നിവിടങ്ങളില്‍ എല്ലാ ജില്ലകളിലും കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്ത്, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട് എന്നിവടങ്ങളിലെ 90 ശതമാനം ജില്ലകളും കൊവിഡ് ബാധിതമാണ്. അരുണാചല്‍പ്രദേശ്, മിസോറാം, മേഘാലയ, മണിപ്പൂര്‍, ഛത്തിസ്ഗഡ്, ത്രിപുര എന്നിവടങ്ങളില്‍ 75 ശതമാനം ജില്ലകള്‍ ഇപ്പോഴും കൊവിഡ് മുക്തമാണ്.

ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദമന്‍ ആന്‍ഡ് ദിയു, ലക്ഷദ്വീപ് എന്നീ കേന്ദ്രഭരണപ്രദേശങ്ങളിലും നാഗാലന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലും ഇതുവരെ കൊവിഡ്-19 രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ആഗോളതലത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യ 15 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുമുണ്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 31,332 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചിട്ടുള്ളത്. 1008 പേര്‍ മരണത്തിന് കീഴടങ്ങി. 7747 പേര്‍ക്ക് അസുഖം ഭേദമായി.