ഉപരോധത്തിന്റെ 300 ദിനങ്ങള്‍: രാജ്യത്തെ നെഞ്ചിലേറ്റി ഖത്തര്‍ ജനത

 

ഖത്തറിനെതിരെ മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും പ്രഖ്യാപിച്ച കര,വ്യോമ,നാവിക ഉപരോധം 300 ദിവസങ്ങള്‍ പിന്നിട്ടു. ഉപരോധത്തെ വിദഗ്ധമായി അതിജയിച്ച സ്വദേശികളും പ്രവാസികളുമടങ്ങുന്ന ഖത്തര്‍ ജനതയ്ക്കും ഭരണാധികാരികള്‍ക്കും ആശംസകളും പിന്തുണയും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയകളിലും വിവിധ കേന്ദ്രങ്ങളിലും ക്യാമ്പയിനുകള്‍ നടന്നു. ഖത്തര്‍ ഉപരോധത്തിന്റെ മൂന്നൂറ് ദിനങ്ങള്‍ എന്ന അറബി ഹാഷ് ടാഗാണ് ട്വിറ്ററില്‍ വന്‍ തോതില്‍ പ്രചരിക്കുന്നത്. ഉപരോധത്തിന് ശേഷം ഖത്തര്‍ കൂടുതല്‍ കരുത്താര്‍ജിച്ചെന്നും എല്ലാ മേഖലയിലും സ്വയം പര്യാപ്തതയുടെ വലിയ ലക്ഷ്യങ്ങളിലേക്ക് രാജ്യം മുന്നേറിയെന്നും ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലുമൊക്കെ പ്രചരിച്ച ക്യാമ്പയിനുകള്‍ എടുത്തുപറഞ്ഞു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഫോട്ടോയ്‌ക്കൊപ്പമാണ് ഉപരോധത്തിന്റെ മൂന്നൂറ് ദിനങ്ങള്‍ക്ക് ശേഷവും ഖത്തര്‍ കരുത്തോടെയും സ്വാതന്ത്ര്യത്തോടെയും നിലനില്‍ക്കുന്നുവെന്ന പ്രഖ്യാപനങ്ങള്‍ നടന്നത്.
ജൂണ്‍ അഞ്ചിനാണ് സഊദി, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും ഈജിപ്തും ഖത്തറിനെതിരെ പൊടുന്നനെ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന വിചിത്രമായ ആരോപണം ഉന്നയിച്ചായിരുന്നു നടപടി. എന്നാല്‍ ഉപരോധം ആരംഭിച്ച് ഇതുവരെയായിട്ടും ഇതിന് വ്യക്തമായ തെളിവ് നല്‍കാനോ അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനോ ഉപരോധ രാജ്യങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഖത്തറിന്റെ ശക്തമായ നിഷേധങ്ങള്‍ക്കിടയിലും യാതൊരു ദയാവായ്പുമില്ലാതെ റമദാന്‍ മാസത്തില്‍ അടിച്ചേല്‍പ്പിച്ച ഉപരോധത്തിനെതിരെ വന്‍ പ്രതിഷേധമാണ് തുടക്കത്തില്‍ രാജ്യത്തുയര്‍ന്നത്. രാജ്യം ഒന്നടങ്കം ഭരണാധികാരിക്ക്് പിന്നില്‍ അടിയുറച്ചു നിന്നു. പിന്നീടങ്ങോട്ട് ഖത്തറിന്റെ അതിജീവനത്തിന്റെയും മുന്നേറ്റത്തിന്റെയും ദിവസങ്ങളായിരുന്നു. ബദല്‍ വഴികളിലൂടെ രാജ്യത്തിനാവവശ്യമായ എല്ലാ വസ്തുക്കളും ഭരണാധികാരികള്‍ ഉറപ്പ് വരുത്തി. സ്വയം പര്യാപ്തതയ്ക്ക് വേണ്ട ശ്രമങ്ങള്‍ ആരംഭിക്കുകയും എല്ലാം പൂര്‍ണ്ണ വിജയത്തിലേക്ക്് കുതിക്കുകയും ചെയ്യുമ്പോഴാണ് ഉപരോധത്തിന്റെ 300 പൂര്‍ത്തിയാക്കപ്പെടുന്നത്.
ഉപരോധത്തിന് ഖത്തറിനെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല, ഖത്തര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു, ഭരണാധികാരികള്‍ക്ക്് എല്ലാ പിന്തുണയും തുടങ്ങിയ പ്രചരണങ്ങളും സോഷ്യല്‍ മീഡിയകളില്‍ നടന്നു. ഉപരോധത്തിന്റെ 300 ദിനങ്ങള്‍ എന്ന പേരില്‍ ഖത്തര്‍ ടിവി പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതിന് ശേഷമാണ് ഈ പേരില്‍ സോഷ്യന്‍ മീഡിയയില്‍ ഈ ഹാഷ് ടാഗ്് പ്രചരിച്ചത്.
എകദേശം ഒരു വര്‍ത്തേക്കടുക്കുന്ന ഉപരോധം രാജ്യത്തുണ്ടാക്കിയ ആഘാതവു മറ്റും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ വിശദമായി വിശകലനം ചെയ്തു. ജി.സി.സി പ്രതിസന്ധി യാതൊരു അടിസ്ഥാനവുമില്ലാത്തതാണെന്നും സംഘടനയുടെ ലക്ഷ്യവുമായി അതിന് ഒരു ബന്ധവുമില്ലെന്നും ഖത്തര്‍ യൂനിവേഴ്‌സിറ്റി പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം അധ്യാപകന്‍ ഡോ. മുഹമ്മദ് അല്‍മസ്ഫര്‍ പറഞ്ഞു.
ഉപരോധ രാജ്യങ്ങള്‍ മുന്നോട്ട് വച്ച ആവശ്യങ്ങള്‍ തീര്‍ച്ചയായും തള്ളപ്പെടേണ്ടതാണ്. ഖത്തര്‍ ഭീകരവാദത്തെ സഹായിക്കുന്നുവെന്നത് അന്താരാഷ്ട്ര സമൂഹം തന്നെ തള്ളിയ കാര്യമാണെന്നും അദ്ദേഹംപറഞ്ഞു.

SHARE