വെങറെക്കൊണ്ട് തോറ്റു: ആര്‍സനലിനെ പരിശീലിപ്പിക്കാന്‍ മുപ്പതുകാരന്‍ വരുന്നു?…

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തപ്പിത്തടയുന്ന ആര്‍സനലിന്റെ അമരക്കാരനായി മൂപ്പതുകാരന്‍ ജൂലിയന്‍ നഗള്‍സ്മാന്‍ എത്തിയേക്കുമെന്നു റിപ്പോര്‍ട്ട്. ജര്‍മ്മന്‍ ക്ലബ് ഹോഫിന്‍ഹാമിന്റെ പരിശീലകനാണ് ജൂലിയന്‍ നഗള്‍സ്മാന്‍. പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോറ്റതോടെയാണ് ദീര്‍ഘനാളായി പരിശീലന സ്ഥാനത്തുള്ള ആര്‍സെന്‍ വെങറെ പുറത്താക്കണമെന്ന ആവശ്യം ക്ലബ് ആരാധകര്‍ക്കിടയില്‍ കൂടുതല്‍ ശക്തമായത്. ഒരാഴ്ചക്കിടെ ഇതു രണ്ടാം തവണയാണ് ആര്‍സനല്‍ സിറ്റിയോട് മൂന്നു ഗോളിന് തോല്‍ക്കുന്നത്. കഴിഞ്ഞ ഞാറാഴ്ച ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലിലും എതിരില്ലാത്ത മൂന്നു ഗോളിന്റെ ദയനീയ തോല്‍വി സിറ്റിയില്‍ നിന്നു നേരിട്ടിരുന്നു ഗണ്ണേഴ്‌സ്.

നടപ്പു സീസണില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പിന്നാക്കം പോയ ടീം ടേബിളില്‍ ആറാം സ്ഥാനത്താണ്. അടുത്ത വര്‍ഷം നടക്കുന്ന ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടണമെങ്കില്‍ ലീഗില്‍ ആദ്യ നാലില്‍ ഫിനിഷ് ചെയ്യണം. നിലവിലെ സാഹചര്യത്തില്‍ 55 പോയന്റുമായി ടോട്ടനം ഹോട്ട്‌സ്പറാണ് നാലാം സ്ഥാനത്തുള്ളത്. പത്തു മത്സരങ്ങള്‍ ശേഷിക്കെ 45 പോയന്റുള്ള ഗണ്ണേഴ്‌സിന് ആദ്യ നാലില്‍ ഫിനിഷ് ചെയ്യണമെങ്കില്‍ വലിയ വെല്ലുവിളിയാണ് മുന്നില്‍. അതേസമയം ആദ്യ നാലില്‍ ഫിനീഷ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ പരിശീലന തൊപ്പി തെറിക്കുമെന്ന്് ക്ലബ് അധികൃതര്‍ വെങറെ അറിയിച്ചിട്ടുണ്ട് എന്നാണ് ഇംഗ്ലീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

2016 ഫെബ്രുവരിയിലാണ് നഗള്‍സ്മാന്‍ ഹോഫിന്‍ഹാമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇതോടെ ബുണ്ടസ് ലീഗയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകന്‍ എന്ന റെക്കോര്‍ഡ് നഗള്‍സ്മാന്റെ പേരിലായി. 17-ാം സ്ഥാനത്തുള്ള ടീം രണ്ടാം ഡിവിഷനിലേക്ക് പിന്തള്ളപ്പെടുമെന്ന സാഹചര്യത്തിലാണ് ക്ലബ് അധികൃതര്‍ 28 വയസ്സ് പ്രായമുള്ള നഗള്‍സ്മാന്‍ ടീമിനെ ഏല്‍പ്പിച്ചത്. മാനേജ്‌മെന്റിന്റെ തീരുമാനത്തെ ശരിവെക്കും വിധം ഏഴു വിജയം സമ്മാനിച്ച് ടീമിനെ 14-ാം സ്ഥാനത്ത് ഫിനീഷ് ചെയ്യിക്കാന്‍ നഗള്‍സ്മാനായി. കഴിഞ്ഞ സീസണ്‍ ബുണ്ടസ് ലീഗയില്‍ ഹോഫിന്‍ഹാമിനെ നാലാം സ്ഥാനത്ത് എത്തിച്ച്, ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ലീഗ് യോഗ്യത അദ്ദേഹം നേടിക്കൊടുത്തു. ആക്രമണ ശൈലി പിന്തുടരുന്ന ഗണ്ണേഴ്‌സിന് ഏറ്റവും അനുയോജ്യമായ കോച്ചാണ് ജര്‍മന്‍ക്കാരാനായ നഗര്‍സ്മാന്‍ എന്ന് ഫുട്‌ബോള്‍ പണ്ഡിറ്റ്കള്‍ വിലയിരുത്തുന്നു. ജര്‍മ്മന്‍ ക്ലബായ ഓഗ്‌സ്‌ബെര്‍ഗിന്റെ യൂത്ത് അക്കാദമിയിലൂടെ ഫുട്‌ബോള്‍ കരിയര്‍ ആരംഭിച്ച നഗള്‍സ്മാന് 19-ാം വയസ്സില്‍ കാലിനേറ്റ പരിക്കു വില്ലനായപ്പോള്‍ കളി ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

അതേസമയം, ഇറ്റാലിയന്‍ കോച്ച് കാര്‍വാലോ ആന്‍സലോട്ടി, സെല്‍റ്റിക്കിന്റെ മുന്‍ ലിവര്‍പൂള്‍ പരിശീലകന്‍ ബ്രണ്ടന്‍ റോജേഴ്‌സ്, മുന്‍ ആര്‍സനല്‍ താരം തിയറി ഹെന്റ്‌റി, മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹ പരിശീലകന്‍ മൈക്കിള്‍ അര്‍റ്റേറ്റ എന്നിവരേയും വെങ്ങറുടെ പകരമായി ക്ലബ് പരിഗണിക്കുന്നുണ്ട്.

22 വര്‍ഷമായി ആര്‍സനല്‍ പരിശീലകനായി തുടരുന്ന ആര്‍സെന്‍ വെങര്‍ പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് തുടങ്ങിയ കിരീടങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചിട്ടുണ്ട്.

SHARE