ഉത്തര്‍പ്രദേശില്‍ കോവിഡ് പോസിറ്റീവായ 30 പേരെ കാണാനില്ല; കണ്ടെത്താന്‍ പൊലീസിന്റെ സഹായം തേടി

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി. സംഭവത്തില്‍ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചതിന് ഇവര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ച കോവിഡ് പരിശോധന നടത്തിയവരില്‍ ഫലം പോസിറ്റീവായ 30 പേരെക്കുറിച്ചാണ് ഇതുവരെ ഒരുവിവരവും ലഭിക്കാത്തത്. ഫലം പോസിറ്റീവായതോടെ രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടത് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. പലരും നല്‍കിയ വിലാസവും ഫോണ്‍ നമ്പറുകളും തെറ്റായിരുന്നു. ചിലരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച്ഓഫും. പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രോഗികളെ കണ്ടെത്താന്‍ കഴിയാതിരുന്നതോടെയാണ് ആരോഗ്യവകുപ്പ് പൊലീസിന്റെ സഹായം തേടിയത്.

രോഗികള്‍ക്ക് ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് പരിശ്രമിക്കുമ്പോഴാണ് ഇത്തരത്തില്‍ ചിലര്‍ കബളിപ്പിക്കുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍രാജ് ശര്‍മ പറഞ്ഞു. എത്രയുംവേഗം രോഗികളെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് ആരോഗ്യവകുപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

SHARE