പാക് അധീന കശ്മീരില്‍ ശക്തമായ ഭൂചലനം; 30 മരണം, 300 ലേറെ പരിക്ക്

ന്യൂഡല്‍ഹി: ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും പാകിസ്താനിലും ശക്തമായ ഭൂചലനം. ഇന്നലെ വൈകീട്ട് 4.35 ഓടെ അനുഭവപ്പെട്ട ഭൂചലനം പാക് അധീന കശ്മീരില്‍ കനത്ത നാശം വിതച്ചു. റിക്ടര്‍ സ്‌കെയിലില്‍ 5.8 ആണ് ഭൂചലനത്തിന്റെ തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനത്തെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ പാക്കിസ്താനില്‍ നില്‍ മരണം 30 ആയി. 300ല്‍ അധികം പേര്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മിര്‍പൂരില്‍ റോഡുകള്‍ നെടുകെ പിളരുകയും നിരവധി വീടുകളും, കെട്ടിടങ്ങളും തകരുകയും ചെയ്തു. പാക് അധീന കശ്മീരിലെ ആശുപത്രികളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യാ-പാക് അതിര്‍ത്തിക്കു സമീപം പാക് പഞ്ചാബിലെ ഝലം ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് അമേരിക്കന്‍ ഭൗമ നിരീക്ഷണ ഏജന്‍സി പറയുന്നത്. ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലന പ്രഭവ കേന്ദ്രം. ഝലം, മിര്‍പൂര്‍ എന്നിവിടങ്ങളിലാണ് ഭൂചലനം കാര്യമായ നാശനഷ്ടം വരുത്തിയതെന്ന് പാക് ദേശീയ ദുരന്ത നിവാരണ അതോറിറ്റി തലവന്‍ ലഫ്. ജനറല്‍ മുഹമ്മദ് അഫ്‌സല്‍ പറഞ്ഞു.
പാകിസ്താനില്‍ തലസ്ഥാനമായ ഇസ്്‌ലാമാബാദ്, പെഷവാര്‍, റാവല്‍പിണ്ടി, ലാഹോര്‍, ഫൈസലാബാദ്, സിയാല്‍കോട്ട്, അബട്ടബാദ്, മുള്‍ട്ടാന്‍, തുടങ്ങി മിക്കയിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും പരിസരങ്ങളിലും ഭൂചലനത്തെ തുടര്‍ന്ന് ഭയചകിതരായ ആളുകള്‍ കെട്ടിടങ്ങളില്‍ നിന്നും ഇറങ്ങി തുറസായ സ്ഥലങ്ങളില്‍ ഇടം പിടിച്ചു.

https://twitter.com/Goharkhan911/status/1176484139152941059

രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. 8-10 സെക്കന്റ് സമയമാണ് ഭൂചലനം ഇന്ത്യയില്‍ അനുഭവപ്പെട്ടതെന്ന് ഭൗമ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ത്യയില്‍ എവിടേയും ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എന്നാല്‍തുടര്‍ ചലനം ഉണ്ടായേക്കാമെന്ന ആശങ്കയെ തുടര്‍ന്ന് പലരും ഏറെ നേരം കഴിഞ്ഞാണ് മടങ്ങിയത്.

SHARE