സാമൂഹിക അകലം പാലിക്കുന്നില്ല, പൗരന്മാരില്‍ അസാധാരണമായ രീതിയില്‍ കോവിഡ് കൂടുന്നു- മുന്നറിയിപ്പുമായി യു.എ.ഇ

ദുബൈ: രാജ്യത്തെ പൗരന്മാര്‍ക്കിടയില്‍ 30 ശതമാനം കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചെന്ന് യു.എ.ഇ. സാമൂഹിക അകലം പാലിക്കുന്നത് അടക്കമുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിന്റെ പരിണിത ഫലമാണ് ഇതെന്ന് ആരോഗ്യമന്ത്രി അബ്ദുല്‍ റഹ്മാന്‍ അല്‍ ഉവൈസ് പറഞ്ഞു.

‘ദൗര്‍ഭാഗ്യകരമായ രീതിയില്‍, യു.എ.ഇ പൗരന്മാര്‍ക്കിടിയില്‍ കോവിഡ് 19 കേസുകള്‍ 30 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതാണ് കാരണം. സാമൂഹിക ഒത്തുചേരല്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്വന്തത്തെയും മറ്റുള്ളവരെയും സംരക്ഷിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ’ – ഉവൈസ് പറഞ്ഞു.

പൗരന്മാര്‍ക്കിടയില്‍ അസാധാരണമായ രീതിയില്‍ കോവിഡ് വ്യാപിക്കുന്നു എന്നാണ് മന്ത്രി പറഞ്ഞത്. സംസ്‌കാരവും മൂല്യങ്ങളും സ്വന്തം ജീവിതങ്ങളെ അപകടത്തിലാക്കരുത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബത്തെയും സ്വന്തത്തെയും സംരക്ഷിക്കേണ്ടതുണ്ട്. കുടുംബ സന്ദര്‍ശനങ്ങള്‍ അപകടകരമായി മാറാം. പ്രത്യേകിച്ചും പ്രായമുള്ളവര്‍ക്കും അസുഖമുള്ളവര്‍ക്കും. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം ആവശ്യപ്പെടുകയാണ്- മന്ത്രി പറഞ്ഞു.

യു.എ.ഇയില്‍ ഇന്ന് 239 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 354 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണത്തിന് കീഴടങ്ങി. 5752 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 55,739 ആണ് രോഗമുക്തരുടെ കണക്ക്.

SHARE