
ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ് പരിവാര്‍ കലാപകാരികള്‍ ആസൂത്രിതമായി നടത്തിയ ആക്രമണത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ വൈകുന്നു. കൊല്ലപ്പെട്ട 42 പേരില്‍ 30പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. കലാപത്തില്‍ കാണാതായരെ തിരഞ്ഞും മരിച്ചവരെ തിരിച്ചറിയാന്‍ കാത്തും ഡല്‍ഹി പ്രധാന ആസ്പത്രികളിലെ മോര്‍ച്ചറികളില്‍ ബന്ധുക്കളുടെ കാത്തിരിപ്പ് തുടരുകയാണ്
അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 52 പേരുടെ നില അതീവ ഗുരുതരമാണെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ അക്രമ സംഭവങ്ങളില്‍ 630 പേരെ ഇതുവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇന്ന് കലാപ ബാധിത മേഖല സന്ദര്‍ശിക്കും. വടക്ക് കിഴക്കന്‍ ഡല്‍ഹി സാധാരണ നിലയിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിലാണ്. കലാപത്തിനിടെ സ്ത്രീകള്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസിനോട് ഡല്‍ഹി വനിതാവകാശ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ കലാപ മേഖലയില്‍ സന്ദര്‍ശനം നടത്തി അധ്യക്ഷ സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും.
പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാത്തതാണ് എന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബെയ്ജാലും ദേശീയ വനിത അധ്യക്ഷ രേഖ ശര്‍മ്മയും കലാപ മേഖല സന്ദര്‍ശിച്ചിരുന്നു.

മരിച്ചവരില്‍ പലരും കുടുംബത്തിന്റെ ഏക അത്താണികള്‍. ഇവരില്‍ സാധാരണ തൊഴിലാളികള്‍, ബിസിനസുകാര്‍, സിവില്‍ സര്‍വീസ് ആഗ്രഹിച്ച് പഠനം നടത്തിയ ഉദ്യോഗാര്‍ത്ഥികള്‍, ഓട്ടോ ഡ്രൈവര്‍മാര്‍, മാര്‍ക്കറ്റിങ് പ്രൊഫഷണല്‍സ്, പൊലീസുകാര്‍, മുത്തശ്ശികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. മരിച്ചവരില്‍ 30 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. അവര്‍ ഇവരാണ്.
- രാഹുല്‍ സോളങ്കി: 26കാരനായ സിവില്‍ എഞ്ചിനീയറിങ് ബിരുദധാരി. മാര്‍ക്കറ്റിങ് പ്രൊഫഷണല്‍. തിങ്കളാഴ്ച കലാപത്തിനിടെ ശിവ് വിഹാറിന് സമീപം ബാബു നഗറില്‍ വെച്ച് കഴുത്തിന് വെടിയേറ്റാണ് മരിച്ചത്. വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ കടയില്‍ പോയി മടങ്ങവെയാണ് വെടിയേറ്റത്.
- മുഹമ്മദ് അന്‍വര്‍: ശിവ് വിഹാറില്‍ ചിക്കന്‍സ്റ്റാള്‍ നടത്തിയിരുന്നു. കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടെത്തിയത്. 60കാരനായ മുഹമ്മദ് അന്‍വറിന്റെ കുടുംബം ചൊവ്വാഴ്ച രാത്രി മുതല്‍ അദ്ദേഹത്തെ തുടര്‍ച്ചയായി മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.
- മുഹമ്മദ് ഫുര്‍ഖാന്‍: കര്‍ദാംപുരിയില്‍ വെച്ച് നെഞ്ചിലും തുടയിലും വെടിയേറ്റാണ് 30കാരനായ മുഹമ്മദ് ഫുര്‍ഖാന്‍ കൊല്ലപ്പെട്ടത്. വിവാഹത്തിനാവശ്യമായ വസ്തുക്കള്‍ വിപണനം നടത്തിയിരുന്ന ഫുര്‍ഖാന്‍ ഭാര്യയും മൂന്നും നാലും വയസുള്ള രണ്ട് മക്കളുമുണ്ട്.
- അഷ്ഫാഖ് ഹുസൈന്: മുസ്തഫാബാദ് സ്വദേശിയായ 22കാരന്. ഇലക്ട്രീഷ്യനായിരുന്നു. നെഞ്ചില്‍ അഞ്ച് തവണ വെടിയേറ്റ ഹുസൈന് ശരീരത്തില്‍ വെട്ടേല്‍ക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് വിവാഹിതനായത്. പ്രദേശത്തെ പള്ളിക്കു സമീപം സ്ത്രീകള്‍ക്കു നേരെ കലാപകാരികള്‍ ആക്രമണം നടത്തുമ്പോള്‍ ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴാണ് വെടിയേറ്റത്.
- വീര്‍ ഭാന്‍ സിങ്: 48കാരനായ വീര്ഭാന് സിങ് വ്യവസായിയും മൂന്ന് മക്കളുടെ പിതാവുമാണ്. ജോലി കഴിഞ്ഞ് മടങ്ങി എത്തിയ അദ്ദേഹം കാര്‍വാല്‍ നഗറിലെ വസതിയില്‍ വെച്ചാണ് വെടിയേറ്റ് മരിച്ചത്.
- മെഹ്താബ്: 22കാരനായ മെഹ്താബ് നിര്‍മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്ന കോണ്‍ട്രാക്ടറാണ്. അക്രമികള്‍ പിടികൂടി കുത്തിക്കൊലപ്പെടുത്തിയ മെഹ്താബിനെ പിന്നീട് കത്തിക്കുകയായിരുന്നു. ബ്രിജ്പുരിയിലെ വീട്ടില്‍ നിന്നും ഭക്ഷണം വാങ്ങാനായി കടയിലേക്കിറങ്ങിയതായിരുന്നു മെഹ്താബ്. മാതാവും സഹോദരിയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് മെഹ്താബ്.
- രാഹുല്‍ താക്കൂര്‍: സിവില്‍ സര്‍വീസ് പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്ന രാഹുല്‍ താക്കൂര്‍ എന്ന 23കാരന് ഭജന്‍പുരയിലെ സ്വന്തം വീട്ടുകാരുടെ മുന്നില്‍ വെച്ചാണ് വെടിയേറ്റ് മരിച്ചത്.
- ഇഷ്തിയാഖ് ഖാന്: 27കാരന്. കബീര്‍നഗര്‍ ബാബര്‍പൂരില്‍ വെച്ച് നെഞ്ചില്‍ വെടിയേറ്റാണ് മരിച്ചത്. വെല്‍ഡിങ് തൊഴിലാളിയായിരുന്നു.
- മുഹമ്മദ് ഷഹബാന്: മുസ്തഫാബാദിലെ തന്റെ വെല്‍ഡിങ് ഷോപ്പ് അടക്കുന്നതിനിടെയാണ് വെടിയേറ്റത്. 22കാരന്. കലാപ വാര്‍ത്ത കേട്ട് വീട്ടിലേക്ക് വേഗത്തില്‍ മടങ്ങാന്‍ ശ്രമിക്കുകയായിരുന്നു.
- സുലൈമാന്‍: ഹാപൂര്‍ സ്വദേശിയായ 22കാരന്. ലോണിയില്‍ കൊല്ലപ്പണിക്കാരനായിരുന്നു. മുസ്തഫാബാദില് നിന്നും സാധനങ്ങള്‍ വാങ്ങി മടങ്ങവെ മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
- മുഹമ്മദ് ഇര്ഫാന്: 30കാരന്. ടെയ്ലറിങ് തൊഴിലാളി. 57വയസുകാരിയായ മാതാവ് ഖുറേഷയുടെ ഏക ആശ്രയം. വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ വെച്ചാണ് അക്രമികള്‍ വെട്ടിക്കൊന്നത്.
- രത്തന്‍ ലാല്‍: 1998ല്‍ ഡല്‍ഹി പൊലീസില്‍ ചേര്‍ന്ന രത്തന്‍ലാല്‍ ഗോകല്‍പുരി സ്റ്റേഷനിലെ ഹെഡ്കോണ്‍സ്റ്റബിള്‍ ആയിരുന്നു. 42കാരനായ ലാല്‍ വെടിയേറ്റാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ സികാര്‍ സ്വദേശി.
- മുബാറക് അലി: പെയിന്റിങ് തൊഴിലാളി. 35കാരന്. ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് മടങ്ങവെയാണ് വെടിയേറ്റു. തിങ്കള്‍ മുതല്‍ കാണാനില്ലായിരുന്നു. മൃതദേഹം പിന്നീട് മോര്‍ച്ചറിയില്‍ വെച്ച് തിരിച്ചറിയുകയായിരുന്നു.
- അലോക് തിവാരി: കാരാവല്‍ നഗര്‍ സ്വദേശി. 24കാരന്. കാര്‍ഡ് ബോര്‍ഡ് ഫാക്ടറി തൊഴിലാളി. ഭാര്യയും രണ്ട് മക്കളുമുണ്ട്.
- അങ്കിത് ശര്‍മ: രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന 25കാരനായ അങ്കിത് ശര്‍മയുടെ മൃതദേഹം ചാന്ത്ബാഗിലെ അഴുക്കു ചാലില്‍ കണ്ടെത്തുകയായിരുന്നു.
- സഞ്ജീത് താക്കൂര്‍: ചാന്ദ്ബാഗില്‍ വെച്ച് കല്ലേറും അടിയും ഏറ്റാണ് കൊല്ലപ്പെട്ടത്. 32കാരനായ വെല്‍ഡിങ് തൊഴിലാളി ഖജൂറി ഖാസ് നിവാസിയാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.
- അഖ്ബറി: ഖജൂറിഖാസിലെ ഗംറി എക്സറ്റന്ഷനിലുള്ള അക്ബറിയുടെ വീടിന് അക്രമികള്‍ തീയിടുകയായിരുന്നു. വീട്ടിനുള്ളിലായിരുന്ന 85കാരി വെന്ത് മരിച്ചു. മകന് ഭക്ഷണം വാങ്ങാന്‍ പുറത്ത് പോയ സമയത്താണ് കലാപകാരികള്‍ വീടിന് തീയിട്ടത്.
- ആമിര്‍: മുസ്തഫാബാദില് വെച്ച് ബുധനാഴ്ചയാണ് 30കാരനായ ആമിര്‍ കൊല്ലപ്പെട്ടത്. ആമിറിനെ കാണാനില്ലെന്നറിഞ്ഞ് സഹോദരന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
- സാകിര്‍: വെല്‍ഡിങ് തൊഴിലാളി. 26കാരന്. ബ്രിജ്പുരിയില്വെച്ച് നെറ്റിയില്‍ വെടിയേറ്റു.
- ദിനേഷ് കുമാര്‍: 35കാരന്. ഡ്രൈവറായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ് ജി.ടി.ബി ആശുപത്രിയില്‍ കഴിയുന്നതിനിയെ വ്യാഴാഴ്ച മരിച്ചു. ഭാര്യയും രണ്ട് മക്കളുമുണ്ട്.
- മുഷറഫ്: യു.പിയിലെ ബദൗന്‍ സ്വദേശി. 25കാരന്. മൃതദേഹം ഗോകല്‍പുരിയിലെ അഴുക്കുചാലില്‍ നിന്നുമാണ് കണ്ടെത്തിയത്. ഭാര്യയും മൂന്നു മക്കളുമുണ്ട്.
22.വിനോദ് കുമാര്‍: 50കാരന്. മര്‍ദ്ദനമേറ്റാണ് മരിച്ചത്. അരവിന്ദ് നഗര്‍ സ്വദേശി. ഭാര്യയും രണ്ട് മക്കളുമുണ്ട്. - ദീപക് കുമാര്‍: ഫാക്ടറി തൊഴിലാളി. 34കാരന്. വെടിയേറ്റാണ് മരിച്ചത്.
- പര്‍വേസ് ആലം: വസീറാബാദില്‍ കാര്‍ വര്‍ക്ക്ഷോപ്പ് നടത്തുന്ന 50കാരന്. നെഞ്ചില്‍ വെടിയേറ്റാണ് മരിച്ചത്.
- മുദ്ദസര്‍ ഖാന്: ഓട്ടോ ഡ്രൈവറായ 35കാരന്. എങ്ങിനെയാണ് കൊല്ലപ്പെട്ടതെന്ന് വ്യക്തമല്ല. ഭാര്യയും രണ്ട് മക്കളുമുണ്ട്.
26.മുഹമ്മദ് യൂസുഫ്: കാര്‍പെന്ററായ 52കാരന്. മുസ്തഫാബാദിലെ വസതിയിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഏഴ് മക്കളുണ്ട്. - മഹറൂഫ് അലി: ഇലക്ട്രിക്കല്‍ സാധനങ്ങള്‍ വില്‍ക്കുന്ന കട നടത്തുന്നു. ബജന്‍പുരയിലെ വസതിക്ക് സമീപം വെടിയേറ്റാണ് കൊല്ലപ്പെട്ടത്.
- ഷാഹിദ് ആല്‍വി: ഓട്ടോ ഡ്രൈവറായ 24കാരന്. ഏതാനും മാസം മുമ്പാണ് വിവാഹിതനായത്. ബുലന്ദ്ഷഹര്‍ സ്വദേശി. നെഞ്ചിനാണ് വെടിയേറ്റത്. ഭാര്യ ഗര്‍ഭിണിയാണ്.
- അമാന്‍: 17കാരനായ അമാന്‍ മര്‍ദ്ദനമേറ്റാണ് മരിച്ചത്.
- ഹാഷിം: 17കാരന്. മുസ്തഫാബാദ് സ്വദേശി. വെടിയേറ്റ് കൊല്ലപ്പെട്ട ഹാഷിമിനെ ബന്ധുക്കള്‍ വ്യാഴാഴ്ച തിരിച്ചറിഞ്ഞു.