സംഘ്പരിവാര്‍ വിദ്വേഷം വിലപ്പോയില്ല; ജാമിഅ മില്ലിയ്യയില്‍ നിന്ന് സിവില്‍ സര്‍വീസിലേക്ക് 30 പേര്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതിക്കെതിരെയുള്ള പ്രക്ഷോഭത്തില്‍ വാര്‍ത്തകളില്‍ നിറഞ്ഞ ഡല്‍ഹി ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സിവില്‍ സര്‍വീസ് വിജയത്തിളക്കത്തില്‍. സര്‍വകലാശാലയില്‍ നിന്ന് 30 വിദ്യാര്‍ത്ഥികളാണ് രാജ്യത്തെ ഏറ്റവും വലിയ മത്സരപ്പരീക്ഷയില്‍ ഉന്നത വിജയം സ്വന്തമാക്കിയത്.

ജാമിഅക്ക് കീഴിലെ റസിഡന്‍ഷ്യല്‍ കോച്ചിങ് അക്കാദമിയില്‍ (ആര്‍.സി.എ) പഠിക്കുന്നവരാണ് ഇവര്‍. ഇതില്‍ 25 പേര്‍ ആര്‍.സി.എയില്‍ താമസിച്ചു പഠിക്കുന്നവരാണ്. രാജ്യത്തെ ഏതെങ്കിലും ഒരു പബ്ലിക് കോച്ചിങ് സെന്ററിന്റെ ഏറ്റവും വലിയ നേട്ടമാണ് ആര്‍.സി.എയുടേത്.

39-ാം റാങ്ക് നേടിയ രുചി ബിന്ദാലാണ് സെന്ററില്‍ ഏറ്റവും ഉയര്‍ന്ന റാങ്കു നേടിയത്. 30 പേരില്‍ ആറു പേര്‍ വനിതകളാണ്. സൈബ് സാകിര്‍ ശൈഖ്, നണ്‍ ജയ് അലി അക്രം, ഫര്‍ഹാന്‍ അഹ്മദ്, കെവില്‍ തോമസ് സ്‌കറിയ, മുഹമ്മദ് ഷഫീഖ്, സുഫ്‌യാന്‍ അഹ്മദ്, നാദിയ ബേഗ്, ഗരിമ ദഹിയ, മുഹമ്മദ് നദീമുദ്ദീന്‍ എന്നിവരാണ് ആദ്യ പത്തിലുള്ളവര്‍.

സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യ കോച്ചിങ് നല്‍കുന്ന സ്ഥാപനാണ് ആര്‍.സി.എ. ന്യൂനപക്ഷങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണിത്. 2019ലെ വ്യക്തിഗത ഇന്റര്‍വ്യൂവിലേക്ക് 60 പേര്‍ക്കാണ് സെലക്ഷന്‍ കിട്ടിയിരുന്നത്.

പൗരത്വ പ്രതിഷേധ സമരത്തിന്റെ പ്രഭവ കേന്ദ്രമായ ജാമിഅ മില്ലിയ്യയ്‌ക്കെതിരെ സംഘ്പരിവാര്‍ സംഘടകളും ഡല്‍ഹി പൊലീസും വിവേചനപരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. സര്‍വകലാശാലയില്‍ കയറി ഡല്‍ഹി പൊലീസ് വിദ്യാര്‍ത്ഥികളെ നിഷ്ഠുരമായി അക്രമിച്ചത് അന്താരാഷ്ട്ര മാദ്ധ്യമങ്ങളില്‍ വരെ വന്‍ വാര്‍ത്തയായിരുന്നു.

SHARE