കൊച്ചി: ആലുവ കടങ്ങല്ലൂരില്‍ നാണയം വിഴുങ്ങിയ മൂന്നു വയസ്സുകാരന് മരിച്ചു. കടുങ്ങല്ലൂരില്‍ വാടകയ്ക്കു താമസിക്കുന്ന നന്ദിനിരാജ്യ ദമ്പതികളുടെ മകന് പൃഥിരാജ് ആണ് മരിച്ചത്. കുട്ടിക്ക് മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ചെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടര്‍ന്ന് ആലുവ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെനിന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു. അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് ആലപ്പുഴ മെഡിക്കല്‍ കോളജിലേക്കും അയച്ചു.
എന്നാല്‍ പഴവും ചോറും നല്കിയാല് വയറിളകി നാണയം പുറത്ത് വരുമെന്ന് പറഞ്ഞതിനാല്‍ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്നലെ രാത്രിയോടെ കുട്ടിയുടെ സ്ഥിതി മോശമായി. ആലുവ ജില്ലാ ആശുപത്രിയിലെത്തിക്കും മുന്‍പു മരിച്ചു. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്കെടുത്തിട്ടുണ്ട്. മരണം വിവാദമായതിനാല്‍ പോലീസ് സര്ജന് പോസ്റ്റ് മോര്‍ട്ടം നടത്തും. ഇതിന്റെ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ മരണകാരണം അറിയാനാകൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.