പുരുഷന്‍മാരായി, പേരുമാറ്റണം; യു.എ.ഇയില്‍ മൂന്നു യുവതികളുടെ അപേക്ഷ കോടതി തള്ളി

അബുദാബി: പുരുഷന്‍മാരായി ലിംഗമാറ്റം ചെയ്തവരുടെ പേരുകള്‍ മാറ്റാന്‍ കഴിയില്ലെന്ന് യു.എ.ഇ. യു.എ.ഇ ഫെഡറല്‍ കോടതിയാണ് ലിംഗമാറ്റം ചെയ്ത മൂന്ന് യുവതികളുടെ അപേക്ഷ തള്ളിയത്.

25ന് വയസ്സിന് താഴെ പ്രായമുള്ള സ്ത്രീകളാണ് വിദേശത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്കുശേഷം പേര് മാറ്റണമെന്ന ആവശ്യത്തിനായി കോടതിയെ സമീപിച്ചത്. ലിംഗമാറ്റത്തിനുശേഷം തങ്ങളുടെ പേരുകള്‍ ഔദ്യോഗികമായി മാറ്റി നല്‍കണമെന്നും ഔദ്യോഗിക രേഖകളില്‍ ‘ജെന്റര്‍’ -പുരുഷന്‍ എന്ന് മാറ്റിനല്‍കണമെന്നുമായിരുന്നു ആവശ്യം. ഇതിനായി വിദേശത്ത് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ അപേക്ഷ കോടതി തള്ളുകയായിരുന്നു.

പുരുഷനോട് സാമ്യമുള്ള രീതിയിലുള്ള സവിശേഷതകള്‍ ഉള്ളതിനാലാണ് യുവതികള്‍ വിദേശത്ത് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതെന്ന് അഭിഭാഷകന്‍ അലി അബ്ദുള്ള അല്‍ മന്‍സൂരി പറഞ്ഞു. വിദേശത്തെ ശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി നിയോഗിച്ച മെഡിക്കല്‍ കമ്മിറ്റി ലിംഗമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളിക്കളയുകയായിരുന്നു.

ഫെഡറല്‍ ഇന്‍സ്റ്റാന്‍സ് കോടതി നേരത്തെ യുവതികളുടെ അപേക്ഷ തള്ളിക്കളഞ്ഞിരുന്നു. തുടര്‍ന്ന് ഫെഡറല്‍ കോടതിയെ സമീപിക്കുകയായിരുന്നു യുവതികള്‍. എന്നാല്‍ ഇവിടേയും തിരിച്ചടി നേരിട്ടതോടെ യുവതികള്‍ ഫെഡറല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

SHARE