മൂന്നു ലക്ഷം പേരെ അണിനിരത്തി റഷ്യയുടെ സൈനിക പരേഡ്; ലക്ഷ്യം അമേരിക്കയെ പ്രകോപിപ്പിക്കല്‍

 

ലോക രാഷ്ട്രങ്ങളെ അമ്പരിപ്പിച്ചുകൊണ്ട് വന്‍ സൈനിക ശക്തിപ്രകടനവുമായി റഷ്യ. ഹിറ്റ്‌ലറുടെ നാസിപ്പടയെ 1945ല്‍ തോല്‍പ്പിച്ചതിന്റെ 73ാം വാര്‍ഷിക ആഘോഷമായ സെപ്തംബര്‍ ഒമ്പതിലെ വിജയദിനത്തിനാണ് ഒരാഴ്ച നീളുന്ന സൈനിക ശക്തിപ്രകടനത്തിന് റഷ്യ തുടക്കമിട്ടത്.

വോസ്‌റ്റോക്ക് 2018 എന്ന പേരില്‍ കിഴക്കന്‍ സൈബീരിയയിലാണ് സൈനികാഭ്യാസം നടന്നത്. മൂന്നു ലക്ഷം സൈനികര്‍, 36000 സേനാ വാഹനങ്ങള്‍, 1000 യുദ്ധ വിമാനങ്ങള്‍, 80 യുദ്ധകപ്പലുകളും അണിനിരത്തിയാണ് തങ്ങളുടെ സൈനിക ശക്തി റഷ്യ ലോകത്തെ കാണിക്കുന്നത്. അമേരിക്കയുമായി നേരിട്ടു കൊമ്പുകോര്‍ത്ത സോവിയറ്റ് യൂണിയന്റെ കാലത്തെ സൈനിക ശക്തിപ്രകടനത്തെ വെല്ലുന്നതാണ് ഇത്തവണത്തേത്.

1981ല്‍ ഒന്നു മുതല്‍ ഒന്നര ലക്ഷം സൈനികരെ അണിനിരത്തിയാണ് റഷ്യ സൈനിക ശക്തി കാണിച്ചത്. ഇത്തവണ ഇതിനേക്കാള്‍ പതിന്‍മടങ്ങ് കരുത്തുള്ള സൈനികാഭ്യാസമായിരിക്കുമെന്ന് പ്രതിരോധ മന്ത്രി സെര്‍ജി ഷോഗു പറഞ്ഞു. 3600 സൈനിക വാഹനങ്ങളും ടാങ്കുകളും കവചിത വാഹനങ്ങളും മറ്റു യുദ്ധകോപ്പുകളും ഓരേ നിരയില്‍ ഒന്നിച്ചു നീങ്ങുന്നത് യുദ്ധസമാനമായ സാഹചര്യമാണ് സൃഷ്ടിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

റഷ്യയും അമേരിക്ക അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള ഉരസല്‍ വര്‍ധിച്ചുനില്‍ക്കുന്ന സമയത്താണ് ഈ ശക്തിപ്രകടനമെന്നതും ശ്രദ്ധേയമാണ്. പാശ്ചാത്യ രാജ്യങ്ങളിലും ഉക്രെയിനിലും സിറിയയിലും അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്നാണ് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ റഷ്യക്കെതിരെ ഉയര്‍ത്തുന്ന ആരോപണം. മേഖലയില്‍ കൂടുതല്‍ അശാന്തി വിതക്കാനേ റഷ്യയുടെ സൈനിക അഭ്യാസം വഴിവെക്കൂവെന്ന് നാറ്റോയുടെ ആരോപണം. എന്നാല്‍ ഇവക്കൊന്നും റഷ്യ ചെവികൊടുക്കുന്നില്ല.

SHARE