മുംബൈ: മരണത്തിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടന് സുശാന്ത് സിങ് രജ്പുത് നേരത്തെ ആരംഭിച്ചതായി റിപ്പോര്‍ട്ട്. മരണത്തിന് മൂന്നു ദിവസം മുമ്പ് ജീവനക്കാരുടെയും വീട്ടു സഹായികളുടെയും ശമ്പളം താരം കൊടുത്തു തീര്‍ത്തതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. കുടിശ്ശിക അടക്കം കൊടുത്തു തീര്‍ത്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ജീവനക്കാര്‍ പൊലീസിന് നല്കിയ മൊഴിയിലാണ് ഇക്കാര്യം പുറത്തുവന്നത്. 14 കോടി രൂപ മൂല്യമുള്ള ഒരു വെബ്സീരീസുമായി ബന്ധപ്പെട്ട്, ആത്മഹത്യ ചെയ്ത മുന്‍ മാനേജര്‍ ദിശ സല്യാണുമായി താരം ചര്‍ച്ച നടത്തിയിരുന്നതായും വെളിപ്പെടുത്തലുണ്ട്. സുശാന്ത് ജീവനൊടുക്കുന്നതിന്റെ ആറു ദിവസം മുമ്പാണ് ദിശ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.
ദിശയുടെ മരണം താരത്തെ വല്ലാതെ ബാധിച്ചിരുന്നതായും സ്വയം ഉള്‍വലിച്ച് റൂമില്‍ ഒറ്റയ്ക്കിരുന്നതായും സുശാന്തിന്റെ മാനേജര്‍ പറയുന്നു. നേരത്തെ തന്നെ വിഷാദ രോഗം കീഴടക്കിയ നടനെ ദിശയുടെ ആത്മഹത്യ കൂടുതല്‍ കുഴപ്പത്തിലാക്കി എന്ന വിലയിരുത്തലിലാണ് പൊലീസ്.
അതിനിടെ, മരണത്തില്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. സുശാന്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റിയ, ബാന്ദ്രയിലെ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് മൊഴി നല്‍കിയത്. ഇതു രണ്ടാം തവണയാണ് നടിയെ ചോദ്യം ചെയ്യുന്നത്. മരണവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരുടെ മൊഴിയാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതില്‍ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്.
മരണം ആത്മഹത്യയാണ് എന്ന് പൊലീസ് പറയുമ്പോഴും സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. ഞായറാഴ്ചയാണ്, ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്ത് സിങ് രാജ്പുതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബോളിവുഡിലെ ഒറ്റപ്പെടുത്തലുകള്‍ സുശാന്തിന്റെ മരണത്തിനു കാരണമായെന്ന് ആരോപണമുണ്ടായിരുന്നു. ഇതേക്കുറിച്ച് വിശദ അന്വേഷണം നടത്തുമെന്നു പൊലീസ് അറിയിച്ചിരുന്നു. സുശാന്തിന്റെ അടുത്ത സുഹൃത്തും കാസ്റ്റിങ് ഡയറക്ടറുമായ മുകേഷ് ഛബ്ര ബോളിവുഡിലെ പ്രഫഷനല്‍ പോരുകളെപ്പറ്റി അറിയില്ലെന്ന് ബുധനാഴ്ച പൊലീസിനു മൊഴി നല്‍കിയിരുന്നു.
സുശാന്തിന്റെ മൊബൈല്‍ ഫോണ്‍ പൊലീസ് ഫൊറന്‍സിക് സംഘത്തിനു കൈമാറിയിട്ടുണ്ട്. അവസാന ദിവസങ്ങളിലെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണ്. റിയ ചക്രവര്‍ത്തി, സുഹൃത്തും നടനുമായ മഹേഷ് ഷെട്ടി, സഹോദരി, അച്ഛന് കെ.കെ. സിങ് എന്നിവരെ മരണത്തിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ നടന് ബന്ധപ്പെട്ടിരുന്നു.