പുതിയ കോവിഡ് കേസുകളില്‍ 29 ശതമാനവും ഇന്ത്യയില്‍; എന്തു ചെയ്യണമെന്നറിയാതെ കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആഗോള തലത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് കേസുകളില്‍ 29 ശതമാനവും ഇന്ത്യയില്‍. മരണങ്ങളില്‍ 21 ശതമാനവും ഇന്ത്യയിലാണ്. ഈ മാസം ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടതു രാജ്യത്തു തന്നെ.

ഓഗസ്റ്റിലെ ആദ്യ ഒമ്പത് ദിവസങ്ങളില്‍ മാത്രം 5,19,351 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. യു.എസില്‍ കേസുകളുടെ എണ്ണം 4,93,376 ആണ്. ബ്രസീലില്‍ ഇക്കാലളവില്‍ ഉണ്ടായത് 3,69,284 കേസുകളും.

ചൊവ്വാഴ്ചയിലെ കണക്കു പ്രകാരം 22.68 ലക്ഷം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 639,929 ആക്ടീവ് കേസുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. 45,257 ആണ് മരണനിരക്ക്. തിങ്കളാഴ്ച 53,601 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 871 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു.

തുടര്‍ച്ചയായ നാലും ദിവസം രാജ്യത്ത് അറുപതിനായിരത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷമാണ് കേസുകള്‍ അമ്പതിനായിരത്തിലേക്ക് താഴ്ന്നത്. രാജ്യത്തെ പത്തു സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ പ്രധാനമായും കോവിഡുള്ളത്. മൊത്തം കേസുകളുടെ പത്തു ശതമാനവും ഇവിടെയാണ് ഉള്ളത്.

SHARE