ഡല്‍ഹി കലാപത്തില്‍ സ്വതന്ത്ര അന്വേഷണം വേണം; അരവിന്ദ് കെജ്‌രിവാളിന് 270 പ്രമുഖരുടെ കത്ത്

ന്യൂഡല്‍ഹി: ഈ വര്‍ഷം ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 270 പ്രമുഖര്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തെഴുതി. നിലവില്‍ ഡല്‍ഹി പൊലീസിന്റെ പക്ഷം ചേര്‍ന്നുള്ള അന്വേഷണമാണ് നടക്കുന്നത് എന്നും അവര്‍ കത്തില്‍ ആരോപിച്ചു.

റിട്ടയേഡ് എയര്‍ വൈസ് മാര്‍ഷല്‍ എന്‍.ഐ സിദ്ദീഖി, മുന്‍ വിദേശകാര്യ സെക്രട്ടറി മുച്കുന്ദ് ദുബേ, മുന്‍ ദേശീയ ന്യൂനപക്ഷ കമ്മിഷണര്‍ വജാഹത്ത് ഹബീബുല്ല, സി.പി.എം നേതാവ് ബൃന്ദ കാരാട്ട്, സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദര്‍ തുടങ്ങിയവര്‍ കത്തില്‍ ഒപ്പിട്ടിട്ടുണ്ട്.

‘ഒരു റിട്ടയേഡ് ജഡ്ജിയോ സമാന പദവിയോ ഉള്ളയാള്‍ക്കു കീഴില്‍ സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സമയനിഷ്ഠ പാലിച്ച് അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടണം. കലാപത്തിന്റെ വിവിധ വശങ്ങളും അന്വേഷണ പരിധിയില്‍പ്പെടുത്താം’ – കത്തില്‍ അവര്‍ ആവശ്യപ്പെട്ടു.

മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകരായ എച്ച്.കെ ദുവ, മൃണാല്‍ പാണ്ഡെ, ആസൂത്രണ കമ്മിഷന്‍ മുന്‍ അംഗം സയീദ ഹമീദ്, അംബേദ്കര്‍ സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ശ്യാം മേനോന്‍, എഴുത്തുകാരി ഗീത ഹിരണ്യന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേഷ്, ജെ.എന്‍.യു പ്രൊഫസര്‍മാരായ പ്രഭാത് പട്‌നായിക്, ജയതി ഘോഷ് തുടങ്ങിയവരും കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്.

കലാപത്തില്‍ ഡല്‍ഹി പൊലീസും ന്യൂനപക്ഷ കമ്മിഷനും സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതാണ് എന്ന് കത്ത് ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രിസഭയിലെ മന്ത്രി അടക്കം നിരവധി ബി.ജെ.പി നേതാക്കള്‍ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തി. എന്നാല്‍ ഇവര്‍ക്കെതിരെ ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഡല്‍ഹി പൊലീസ് ബി.ജെ.പി നേതാക്കളുടെ പങ്ക് മറച്ചുവച്ച് രാഷ്ട്രീയ അജണ്ട നടപ്പാക്കുകയാണ്- കത്തില്‍ കുറ്റപ്പെടുത്തുന്നു.

ഇത്തരമൊരു അന്വേഷണം പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഭരണഘടന അധികാരം നല്‍കുന്നുണ്ട്. അതു കൊണ്ടു തന്നെ സ്വതന്ത്രമായ ഒരു സമിതി കലാപം അന്വേഷിക്കണം. ആത്മവിശ്വാസവും നീതിയും ഉയര്‍ത്തിപ്പിടിക്കുന്ന നടപടിയാകും അത്- കത്തില്‍ പറയുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങള്‍ക്കു പിന്നാലെ ഫെബ്രുവരി 24 മുതല്‍ ആരംഭിച്ച കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

SHARE