മുംബൈ: രാജ്യത്ത് കോവിഡ് മരണങ്ങള് വ്യാപിക്കുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ 26 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ആശുപത്രിയിലെ മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥികീരിച്ചത്. ഇവരെ ഐസൊലേഷനിലേയ്ക്ക് മാറ്റി. ഇതിനു പുറമെ ആശുപത്രിയിലെ 150ഓളം നഴ്സുമാരും നിരീക്ഷണത്തിലാണ്.
മുംബൈ സെന്‍ട്രലിലുള്ള വാക്ക്ഡാര്ട്ട് ആശുപത്രിയില്‍ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മറ്റു നഴ്സുമാരിലും രോഗലക്ഷണങ്ങള്‍ കണ്ടത്. ഈ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മുന്നൂറോളം നഴ്സുമാരില്‍ ഇരുനൂറോളം പേര് മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുന്‍പ് ഈ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡോക്ടര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ ധാരാവി സ്വദേശിയാണ്.
മുന്‍പ് ചേരിപ്രദേശമായ ധാരാവിയില്‍ മൂന്ന് പേര് കൊവിഡ് 19 ബാധിച്ചു മരിച്ചിരുന്നു. ഇവരില്‍ നിന്നാകാം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പകര്‍ന്നതെന്നാണ് അനുമാനം. ജീവനക്കാരില്‍ രോഗബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന് ആശുപത്രി കെട്ടിടം അടച്ചു. ഇവിടെ നിന്ന് ആര്‍ക്കും പുറത്തു പോകാനോ അകത്തേയ്ക്ക് പോകാനോ സാധിക്കില്ല. 200 പേരുടെ പരിശോധനാഫലം വരാനുള്ള സാഹചര്യത്തിലാണ് നടപടി.
മഹാരാഷ്ട്രയില്‍ കൊവിഡ് 19 രോഗബാധിതരുടെ എണ്ണം 500 കടന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് സംസ്ഥാന ആരോഗ്യവകുപ്പ്.