വാഴപ്പഴത്തിന് 442 രൂപ; നടന്റെ ട്വീറ്റില്‍ പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴ

വാഴ പഴത്തിന് വന്‍ നികുതി ഈടാക്കിയ പഞ്ചനക്ഷത്ര ഹോട്ടലിന് പിഴ ഈടാക്കി അധികൃതര്‍. രണ്ട് വാഴ പഴത്തിന് 442 രൂപ വില ഈടാക്കിയ ചണ്ഡിഗഡിലെ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിനാണ് 25,000 രൂപ പിഴ ഈടാക്കിയത്. വാഴ പഴം വാങ്ങിയപ്പോള്‍ തനിക്ക് നേരിട്ട ഞെട്ടിക്കുന്ന അനുഭവത്തില്‍ ഹോട്ടലിനെതിരെ പ്രമുഖ ബോളിവുഡ് നടന്‍ രാഹുല്‍ ബോസ് ട്വിറ്ററിലൂടെ രംഗത്തുവന്നതോടെയാണ് അധികൃതര്‍ നടപടിക്കൊരുങ്ങിയത്. പഴങ്ങള്‍ നികുതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടും അതിന് നികുതി ഈടാക്കിയ നടപടിക്കാണ് പിഴ.

ജി.എസ്.ടി ഉള്‍പ്പെടെ 442.50 രൂപ എഴുതിയ ബില്ലായിരുന്നു നടനായ രാഹുല്‍ ബോസിന് ഹോട്ടല്‍ അധികൃതര്‍ നല്‍കിയിരുന്നത്. രണ്ട് വാഴ പഴത്തിന് 442 രൂപ വില ഈടാക്കിയ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ബില്‍ സഹിതമാണ് നടന്‍ ട്വീറ്റ് ചെയ്തത്. ബില്ല് കണ്ട് അമ്പരന്ന നടന്‍, നിങ്ങള്‍ക്കിത് വിശ്വസിക്കാന്‍ കഴിയുന്നതാണോ എന്ന് ചോദിച്ചായിരുന്നു ട്വീറ്റ്. പഴങ്ങള്‍ നിങ്ങള്‍ക്ക് ഹാനികരമല്ലെന്ന് ആര് പറഞ്ഞു എന്ന് പരിഹാസമായി താരം ട്വീറ്റില്‍ കുറിച്ചു. നടന്റെ ട്വീറ്റ് പരാതിയായി സ്വീകരിച്ചാണ് ഇപ്പോള്‍ ഹോട്ടലിനെതിരെ നടപടിയെടുത്തിട്ടുള്ളത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് നടന്‍ ഹോട്ടലിനെതിരെ ട്വിറ്ററില്‍ രംഗത്തെത്തിയത്.

രാഹുലിന്റെ ട്വീറ്റ് സോഷ്യല്‍മീഡിയ ഏറ്റെടുത്തിരുന്നു. ‘രാഹുല്‍ ബോസ് മൊമെന്റ്‌സ്’ എന്ന ഹാഷ് ടാഗില്‍ വൈറലായ സംഭവം ട്വിറ്ററില്‍ ട്രോളുകള്‍ക്കും ഹോട്ടലിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്കും കാരണമായി.

SHARE