എല്ലാ ക്യാമ്പുകളിലും 24 മണിക്കൂര്‍ വൈദ്യസഹായം ഉറപ്പാക്കുമെന്ന് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ദുരിതാശ്വാസ മേഖലയിലെ മെഡിക്കല്‍ ക്യാമ്പുകളില്‍ 24 മണിക്കൂറും വൈദ്യസഹായം ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എന്നിവര്‍ ക്യാമ്പില്‍ 24 മണിക്കൂറും ഉണ്ടായിരിക്കണം. ഇതോടൊപ്പം മരുന്നുകളുടെ ലഭ്യതയും ഉറപ്പുവരുത്തണം. സന്ദര്‍ശിച്ച ക്യാമ്പുകളിലെല്ലാം ആവശ്യത്തിലധികം മരുന്നുകള്‍ ലഭ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുമെന്നും മന്ത്രി പറഞ്ഞു. സ്‌റ്റേറ്റ്, ജില്ലാ കണ്‍ട്രോള്‍ റൂമുകളാണ് സജ്ജമാക്കുന്നത്. ടൈഫോയിഡ്, ടെറ്റനസ്, മീസല്‍സ് തുടങ്ങിയ രോഗങ്ങളെ ചെറുക്കാന്‍ പ്രതിരോധ കുത്തിവപ്പ് ശക്തിപ്പെടുത്തും. മഴക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് അത് കടുത്ത മാനസിക ആഘാതമാണ് സൃഷ്ടിച്ചത്. അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സൈക്യാട്രി വിഭാഗത്തിന്റെ സേവനം ഉപയോഗപ്പെടുത്തും.

ചെങ്ങന്നൂരിലെ പ്രവര്‍ത്തനങ്ങള്‍ക്കായി തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്ന് കൂടുതല്‍ ജീവനക്കാരെ ചെങ്ങന്നൂരില്‍ വിന്യാസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അനാവശ്യ കാരണങ്ങള്‍ക്ക് ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്ക് അവധി അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

SHARE