ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന കോവിഡ് -19 ഹോട്ട്സ്പോട്ടുകളിലൊന്നായ നിസാമുദ്ദീന്‍ മാറിയതോടെ കഴിഞ്ഞ 36 മണിക്കൂറിനുള്ളില്‍ 2,361 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഡല്‍ഹി സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി വെസ്റ്റിലെ തബ്‌ലീഗ് ജമാഅത്തില്‍ നട്ന്ന മര്‍കസുമായി ബന്ധപ്പെട്ട 2,361 പേരെ മാറ്റിപ്പാര്‍പ്പിച്ചതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോഡിയ പറഞ്ഞു. 2,361 പേരില്‍ 617 പേരെ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവരെ സര്‍ക്കാറിന്റെ നിരീക്ഷണത്തിലാണെന്നും സിസോഡിയ ട്വിറ്ററിലൂടെ പറഞ്ഞു.
ഡല്‍ഹിയിലെ നിസാമുദ്ദീനിലെ തബ്ലീഗി ജമാഅത്ത് പരിപാടി കൊറോണ വൈറസിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിലെ ഏറ്റവും പുതിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. സാമൂഹിക അകല്‍ച്ച മാനദണ്ഡങ്ങള്‍ അവഗണിച്ച് 3400 ഓളം ആളുകള്‍ നിസാമുദ്ദീന്‍ മര്‍കസ് കെട്ടിടത്തില്‍ തടിച്ചുകൂടിയ തബ്ലീഗി ജമാഅത്ത് പരിപാടി ഡല്‍ഹിയിലെ ലോക്ക്ഡൗണ്‍ ഉത്തരവുകള്‍ ലംഘിച്ചതായാണ് റിപ്പോര്‍ട്ട്. പരിപാടിയില്‍ പങ്കെടുത്ത തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില നൂറുകണക്കിന് ആളുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ ബന്ധപ്പെട്ട നടപടികള്‍ സ്വീകരിച്ചുവരികയാണ്.
നിസാമുദ്ദീനില്‍ നടന്ന തബ്‌ലീഗ് മതസമ്മേളനങ്ങളില്‍ കേരളത്തില്‍നിന്ന് 270 പേര്‍ പങ്കെടുത്തതായി വിവരം. ആദ്യ സമ്മേളനത്തില്‍ പങ്കെടുത്ത നൂറോളംപേര്‍ കേരളത്തില്‍ തിരിച്ചെത്തി. ഇതില്‍ എഴുപതോളം പേരുടെ വിവരം പോലീസ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും കൈമാറിയിട്ടുണ്ട്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തിലാണ്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വിവിധ സംസ്ഥാനങ്ങളിലായി 10 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്.
ആറുപേര്‍ തെലങ്കാനയിലും മറ്റുള്ളവര്‍ ജമ്മുകശ്മീര്‍, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളിലുമുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള 50 പേര്‍ക്കും തെലങ്കാനയില്‍ നിന്നുള്ള 15 പേര്‍ക്കും ബന്ധുക്കള്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. അതേസമയം, രണ്ടാം സമ്മേളനത്തില്‍ പങ്കെടുത്ത 170 പേര്‍ മടങ്ങിയെത്തിയിട്ടില്ല. ഇവരുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെടെയുള്ളവ പോലീസ് ശേഖരിച്ചുവരികയാണ്. തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അധികൃതര്‍ കേരളത്തിലും നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്.
മതസമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതിനാല്‍ ഇവരുമായി ബന്ധപ്പെട്ടവരെ കണ്ടെത്താന്‍ സംസ്ഥാനങ്ങളെ സഹായിക്കുമെന്ന് റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി നിലവില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ നിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. മാര്‍ച്ച് 14നും 19നുമിടയില്‍ ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട മൂന്ന് ട്രെയിനുകളിലെ യാത്രക്കാരുടെ വിവരങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്.
അതേസമയം, യുഎസില്‍ കൊറോണ വൈറസ് മരണസംഖ്യ ചൈനയുടെ എണ്ണം മറികടന്ന് 3,400 ല്‍ എത്തി. കോവിഡ് 19 മൂലമുള്ള ആഗോള മരണസംഖ്യ 41,000 കവിഞ്ഞു. 170 രാജ്യങ്ങളിലായി 8 ലക്ഷത്തിലധികം പേര്‍ രോഗബാധിതരാണ്.