സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

കണ്ണൂര്‍: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദ്രുത പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ച തൃപ്പങ്ങോട്ടൂര്‍ സ്വദേശി സദാനന്ദന്‍ (60) ആണ് മരിച്ചത്. സ്രവം കൂടുതല്‍ പരിശോധനയ്ക്കായി ആലപ്പുഴയിലേക്ക് അയച്ചു. ഇതോടെ കോവിഡ് ബാധിച്ച് കേരളത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി.

ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് സദാനന്ദന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത്. സദാനന്ദന് അര്‍ബുദം അടക്കമുള്ള ഗുരുതര അസുഖങ്ങളുണ്ടായിരുന്നു. ആശുപത്രിയിലെത്തുന്ന രോഗികള്‍ക്കുള്ള ദ്രുത പരിശോധനയിലാണ് ഇയാള്‍ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

ഇന്ന് മാത്രം നാല് കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട്, കൊല്ലം സ്വദേശികളും ഇന്ന് മരിച്ചു. കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ,കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരുന്ന കോഴിക്കോട് പള്ളിക്കണ്ടി സ്വദേശി പി.കെ കോയട്ടി, കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശിനി റഹിയാനത്ത് എന്നിവരാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്.

SHARE