വിവാഹ ഹാളിന്റെ ഭിത്തി തകര്‍ന്ന് 25 പേര്‍ കൊല്ലപ്പെട്ടു

ജയ്പ്പൂര്: രാജസ്ഥാനിലെ ഭരത്പൂരില്‍ വിവാഹ ഹാളിന്റെ ഭിത്തി തകര്‍ന്ന് വീണ് 25 പേര്‍ കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളുമുണ്ട്. പരിക്കേറ്റവരില്‍ ഒട്ടേറെ പേരുടെ നിലഗുരുതരമാണ്. വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയുണ്ടായ ശക്തമായ കാറ്റും മഴയുമാണ് ഭിത്തി തകര്‍ന്നു വീഴാന്‍ കാരണം.
ബുധനാഴ്ച രാത്രി 8.30നായിരുന്നു അപകടം. ഭരത്പൂരിലെ സെവാര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന അന്നപൂര്‍ണ മാര്യേജ് ഹോം എന്ന ഹാളാണ് തകര്‍ന്നത്. വിവാഹ ഹാളിന് സമീപത്തായി താല്‍ക്കാലിക ഷെഡും നിര്‍മിച്ചിരുന്നു. ഭക്ഷണം വിതരണം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളും ഇവിടെയാണ് നടത്തിയത്. വിവാഹസല്‍കാര ചടങ്ങുകള്‍ നടന്നു കൊണ്ടിരിക്കെ പെട്ടന്നു കാലാവസ്ഥ പ്രതികൂലമാകുകയായിരുന്നു. ഇതേ തുടര്‍ന്ന് ആളുകള്‍ ഷെഡ്ഡില്‍ തിങ്ങിക്കൂടി. ഇവര്‍ക്കിടയിലേക്ക് 90 അടി നീളവും 13 അടി ഉയരവുമുള്ള ഭിത്തി അടര്‍ന്നു വീഴുകയായിരുന്നു. ഷെഡ്ഡില്‍ കുടുങ്ങിയവരാണ് അപകടത്തിന് ഇരയായത്. അപകടത്തില്‍ താല്‍ക്കാലിക ഷെഡ് പൂര്‍ണമായും നശിച്ചു. പരിക്കേറ്റവരെ സമീപത്തെ ആസ്പത്രികളിലേക്ക് മാറ്റി. ഗുരുതര പരിക്കേറ്റവരെ ജയ്പൂരിലെ എസ്എംഎസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവര്‍ക്ക് ചികിത്സ ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി വസുന്തര രാജ നിര്‍ദേശം നല്‍കി.
വിവാഹ മണ്ഡപത്തിന്റെ ഉടമകളായ ശരണ്‍ ലാല്‍ ശര്‍മ, വിനോദ് കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഇവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. ഹാളിന്റെ നിര്‍മാണത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടൊ എന്നു പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.