ബീജിങ്: ലോകത്തെ നടുക്കി നോവല്‍ കൊറോണ കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്ക് പ്രകാരം 20,438 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, ചൈനക്ക് പുറത്ത് ഒരാള്‍ മാത്രമാണ് മരിച്ചത്. മധ്യ ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും പടര്‍ന്നു പിടിച്ച കൊറോണയെ പ്രതിരോധിക്കാനാവാതെ ചൈന കുഴങ്ങുകയാണ്. രാജ്യത്ത് തിങ്കളാഴ്ച മാത്രം 31 പ്രവിശ്യകളില്‍ നിന്നായി 3,235 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന 64പേര് തിങ്കളാഴ്ച മരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെല്ലാവരും വുഹാന്‍ ഉള്‍പ്പെടുന്ന ഹൂബെ പ്രവിശ്യയില്‍ നിന്നുള്ളവരാണ്. തിങ്കളാഴ്ചവരെയുള്ള കണക്കുകള്‍ പ്രകാരം 2,788 പേര് വൈറസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 632 പേര് മാത്രമാണ് ഇതേവരെ രോഗമുക്തി നേടിയിട്ടുള്ളത്. 2,21,015 ആളുകളെ നിരീക്ഷണത്തില്‍ ആക്കിയിരുന്നു. ഇതില്‍ 12,755 പേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. 1,71,329 പേര് ഇപ്പോഴും ആസ്പത്രികളില്‍ നിരീക്ഷണത്തിലാണ്.
ചൈനക്ക് പുറത്ത് 24 രാജ്യങ്ങളിലായി 150 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ദിനം തോറും മരണ സംഖ്യ കൂടുന്ന പശ്ചാത്തലത്തില്‍ ചൈനയിലേക്കുള്ള യാത്രക്ക് വിവിധ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലേക്കുള്ള 13 അതിര്‍ത്തി ക്രോസിങുകളില്‍ 10 എണ്ണവും ഹോങ്കോങ് അടച്ചു. അതേസമയം വുഹാനില്‍ 1000 ബെഡുകളോടു കൂടിയ പുതിയ അത്യാധുനിക ആസ്പത്രി ഇന്നലെ തുറന്നിട്ടുണ്ട്. പത്ത് ദിവസം കൊണ്ടാണ് ആസ്പത്രിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു; അതിജാഗ്രത
കാഞ്ഞങ്ങാട്: വുഹാനില്‍ നിന്ന് തിരിച്ചെത്തിയ ഒരു വിദ്യാര്‍ത്ഥിക്ക് കൂടി നോവല്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലാണ് പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു.
അതേസമയം മൂന്നാമത്തെ കേസും സ്ഥിരീകരിച്ചതിനു പിന്നാലെ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് പ്രഖ്യാപനം. സംസ്ഥാനത്ത് പ്രത്യേക ജാഗ്രതാ നിര്‍ദേശവും പുപ്പെടുവിച്ചിട്ടുണ്ട്.
ആസ്പത്രിയില്‍ പ്രവേശിപ്പിച്ച ആരുടെയും ആരോഗ്യ നിലയില്‍ ആശങ്കക്ക് വകയില്ലെന്ന് തിങ്കളാഴ്ച്ച നിയമസഭയില്‍ മന്ത്രി ശൈലജ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട അഞ്ച് പേര് നിരീക്ഷണത്തിലാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ യുവാവിനെ ഇവിടെ പ്രവേശിപ്പിച്ചത്. നേരത്തെ ആലപ്പുഴയിലും തൃശൂരും വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ച മൂന്ന് പേരും സഹപാഠികള്‍ ആണെന്നാണ് വിവരം. ഇവര്‍ മൂന്നുപേരും ഒരേവിമാനത്തില്‍ ഒരുമിച്ചാണ് ചൈനയില്‍ നിന്നെത്തിയത്. സംസ്ഥാനത്തെയും രാജ്യത്തെയും മൂന്നാമത്തെ കൊറോണ ബാധ കേസാണിത്. കാസര്‍കോട് ജില്ലയില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ചൈനയില്‍ നിന്നെത്തിയ 80 പേര് നിരീക്ഷണത്തിലാണ്. മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ, ജനറല്‍ ആസ്പത്രികളില്‍ ഐസോലേഷന് വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയിലും ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി.
ചൈനയില്‍ നിന്നെത്തിയ യുവാവിന്റെ രക്ത സാമ്പിള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ച് പരിശോധനയ്ക്കായി പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്ക് നേരത്തെ അയച്ചിരുന്നു. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ രോഗിയുമായി ബന്ധപ്പെട്ടവര്‍ ജില്ലയിലുണ്ടോയെന്ന പരിശോധനയും നടത്തുന്നുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി ജില്ലാ ആസ്പത്രി പേവാര്‍ഡിലും ജനറല്‍ ആസ്പത്രിയിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ നേരത്തെ ഒരുക്കിയിട്ടുണ്ടെന്ന് ഡപ്യൂട്ടി ഡിഎംഒ ഡോ. എ.ടി മനോജ് പറഞ്ഞു. ജില്ലാ ആസ്പത്രിയില്‍ പ്രധാന കെട്ടിടത്തിന് സമീപത്താണ് ഐസൊലേഷന്‍ വാര്‍ഡ് ഒരുക്കിയത്.