2021 വരെ മെസി ബാഴ്‌സയില്‍ തന്നെ

 

ബാഴ്‌സലോണ: ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസി നെയ്മറിനു പിന്നാലെ ക്ലബ്ബ് വിടുന്നുവെന്ന വാര്‍ത്തകള്‍ക്ക് താല്‍ക്കാലിക വിരാമം.
അര്‍ജന്റീനിയന്‍ താരം ബാഴ്‌സയുമായുള്ള കരാര്‍ 2021 വരെ പുതുക്കിയതായാണ് പുതിയ വിവരം. ഇതോടെ മെസ്സിയെ തങ്ങളോടൊപ്പം ചേര്‍ക്കാനുള്ള ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോഹങ്ങള്‍ അവസാനിച്ചു. നെയ്മറിനു പകരക്കാരനായി മികച്ച താരത്തെ ടീമിലെത്തിക്കാത്തതിനെ തുടര്‍ന്ന് ബാഴ്‌സയുമായുള്ള കരാര്‍ നീട്ടാന്‍ മെസ്സി വിസമ്മതിച്ചതായി വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതോടെ അദ്ദേഹം ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
മെസിയുടെ പിതാവാണ് ബാഴ്‌സയുമായുള്ള ദീര്‍ഘിപ്പിച്ച കരാറില്‍ ഒപ്പുവെച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. മെസ്സി ക്ലബ്ബുമായുള്ള അദ്ദേഹത്തിന്റെ ആത്മ ബന്ധം ഊട്ടിയുറപ്പിച്ചെന്നും കരാര്‍ ഔദ്യോഗികമായി ഒപ്പുവെക്കാന്‍ യാതൊരു തിരിക്കുമില്ലെന്നാണ് ഇതേ കുറിച്ചുള്ള ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് മരിയ ബാര്‍തോമ്യുവിന്റെ പ്രതികരണം. മെസ്സി ഇനി ഒപ്പുവെക്കേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ പിതാവ് ഇത് ചെയ്തുവെന്നും പറഞ്ഞ ബാര്‍തോമ്യു മെസിയുടെ ടീമിനോടുള്ള പ്രതിബദ്ധതക്ക് അദ്ദേഹത്തിന്റെ കളി തന്നെയാണ് തെളിവെന്നും പറഞ്ഞു.
300 മില്യന്‍ യൂറോയുടെ റിലീസ് ക്ലോസ് ഉള്‍പ്പെടെയാണ് 2021 വരെയുള്ള മെസ്സിയുടെ കരാര്‍. ഏതെങ്കിലും കളിക്കാരന് ടീം വിടണമെങ്കില്‍ ക്ലബ്ബ് അത്തരക്കാരെ പിടിച്ചുവെക്കില്ലെന്നായിരുന്നു നേരത്തെ മെസ്സി ടീം വിടുമെന്ന അഭ്യൂഹങ്ങളോട് ബാര്‍തോമ്യുവിന്റെ പ്രതികരണം.
തങ്ങളുടെത് വ്യത്യസ്ഥ രീതിയാണെന്നും ഇവിടെ താരങ്ങള്‍ സന്തോഷത്തോടെ കളിക്കുകയാണ് പതിവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

SHARE