കെ.പി മുബീന്
ലോക ചരിത്രത്തില്‍ ഏറ്റവും ആഴമുള്ളതും ജനത്തെ വലച്ചതുമായിരുന്നു 1929മുതല്‍ 1936വരെ നീണ്ടുനിന്ന മഹാസാമ്പത്തിക മാന്ദ്യം. സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ആഡം സ്മിത്തിന്റെ സിദ്ധാന്തംപോലും ഇതിനെ വിശകലനം ചെയ്യാന്‍ പരാജയപ്പെട്ടു. ഭരണകൂട ഇടപെടല്‍ ഇല്ലാതെതന്നെ സമ്പദ്വ്യവസ്ഥ തനിയെ സന്തുലിത കൈവരിക്കുമെന്ന സ്മിത്തിന്റെ വാദം തെറ്റിയതും മഹാസാമ്പത്തിക മാന്ദ്യത്തില്‍ തന്നെയാണ്.
ഇന്ത്യയിലിപ്പോള്‍ നിലനില്‍ക്കുന്ന സാമ്പത്തിക തകര്‍ച്ചയുടെ പ്രധാനഘടകം മൊത്തം ചോതനത്തില് വന്ന ഇടിവാണ്. നോട്ട് നിരോധനം, ജി.എസ്.ടിയിലെ അപാകത തുടങ്ങി കേന്ദ്ര സര്‍ക്കാറിന്റെ വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിലേക്ക് നയിച്ചത്. കഴിഞ്ഞ ഏതാനും വര്‍ഷത്തെ കണക്കുകള്‍ നോക്കിയാല്‍ മൊത്തം ചോതനത്തില് വലിയൊരു ഇടിവ് കണ്ടെത്താനാകും. ഇന്ത്യയില്‍ കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കോര്‍പറേറ്റുകളും ചെറുകിട കച്ചവടക്കാരും കൂട്ടമായി ജോലിക്കാരെ പിരിച്ചു വിടുകയാണ്. ജംഷഡ്പൂര്‍ വ്യവസായ കേന്ദ്രത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം ലക്ഷത്തില്‍പരം പേര് തൊഴില്‍രഹിതരായി. കുത്തനെ ഉയരുന്ന തൊഴിലില്ലായ്മനിരക്ക് ജനങ്ങളില്‍ പണത്തിന്റെ ലഭ്യത കുറച്ചു. ഇത് പണം ചെലവഴിക്കുന്നതിന് അവരെ പിന്തിരിപ്പിക്കുന്നു. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പ്രസിദ്ധീകരിക്കേണ്ട Consumer expenditure survey റിപ്പോര്‍ട്ട് പുറത്തിറക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല.
പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 40 വര്‍ഷത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് ഉപഭോഗമിപ്പോള്, പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍. ഗ്രാമീണ മേഖലയിലെ സാമ്പത്തിക സ്ഥിതി ശക്തമാക്കാന്‍ ആവിഷ്കരിച്ച തൊഴിലുറപ്പ് പദ്ധതിപോലുള്ളവയൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ഫണ്ടിങ്ങുകളൊന്നും ഇല്ലാത്തത്കൊണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ല. കോര്‍പറേറ്റുകളില്‍ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ നടപ്പിലാക്കിയ നികുതി ഇളവ് നിലവിലുള്ള പ്രതിസന്ധി ഇല്ലാതാക്കുന്നതില്‍ ഒരു പങ്കും വഹിച്ചില്ല. നിലവിലുണ്ടായിരുന്ന തൊഴിലിനപ്പുറം കാര്യമായി ഒന്നും രൂപപ്പെടുത്താന്‍ നികുതി ഇളവിന് കഴിഞ്ഞിട്ടില്ല. ഫലപ്രദമായ നയങ്ങളിലൂടെ സമ്പദ് വ്യവസ്ഥ തിരിച്ചുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അതുകൊണ്ട് ഇന്ന് അവതരിപ്പിക്കുന്ന ബജറ്റില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതാണ്. സ്വീകരിക്കാവുന്ന ഏറ്റവും നല്ല മാര്‍ഗമാണ് സര്‍ക്കാരിന്റെ ചെലവ് വര്‍ധിപ്പിക്കുക എന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്ക്, കാര്‍ഷിക, വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍ക്ക് ഊന്നല്‍ നല്കി മുന്നോട്ടുപോകണം.
അടിസ്ഥാനപരമായി പിന്നാക്കംനില്‍ക്കുന്ന പ്രദേശങ്ങളിലും ഗ്രാമീണ മേഖലകളിലും പദ്ധതികള്‍ വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കുക, അടിസ്ഥാനസൗകര്യങ്ങളില്‍ പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങളില്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പിന്നാക്കാവസ്ഥ മാറ്റിയെടുക്കാന്കൂടി കഴിയും. സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കുന്നതിലൂടെ ഉപഭോഗ ചെലവ് വര്‍ധനവുണ്ടാകും. ഇതുമൂലം തൊഴില്‍ ലഭ്യതയില്‍ വര്‍ധന ഉണ്ടാകും. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ വലിയതോതില്‍ ചെലവ് വര്‍ധിപ്പിക്കാന്‍ പറ്റിയ സാഹചര്യമില്ല എന്നതാണ് സത്യം. നികുതി വരുമാനം വളരെ താഴന്നനിലയിലാണ്. വിദേശ നിക്ഷേപങ്ങളിലും വലിയ പ്രതീക്ഷയില്ല. ഇന്ത്യയിലെ കോര്‍പറേറ്റുകളുടെ അവസ്ഥയും സമാനമാണ്.
ബജറ്റില്‍ കോര്‍പറേറ്റുകള്‍ക്ക് എന്തെങ്കിലും ഇളവ് പ്രതീക്ഷിക്കാം. വിദേശനിക്ഷേപം ആകര്‍ഷിപ്പിച്ചുകൊണ്ട് കയറ്റുമതി മേഖല കൂടുതല്‍ ശക്തമാക്കാനും പദ്ധതികള്‍ സ്വീകരിക്കണം. രാഷ്ട്രീയമായും ഏറെ വെല്ലുവിളികള്‍ അതിജീവിക്കേണ്ട ബജറ്റാണ് മുന്നിലുള്ളത്. തകര്‍ന്നുകിടക്കുന്ന സാമ്പത്തിക മേഖലയെ ഉയര്‍ത്തിപിടിക്കേണ്ട കടമ ഒരു ഭാഗത്ത്, തങ്ങളുടെ രാഷ്ട്രീയ സ്വീകാര്യതക്ക് മങ്ങലേല്‍കാതെ നോക്കുകയും വേണം. ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ആത്മാര്‍ത്ഥതയോടെയും ഇച്ഛാശക്തിയോടെയും ഫലപ്രദമായ പദ്ധതികള്‍ ആവിഷ്കരിച്ചും നടപ്പിലാക്കിയും സാമ്പത്തിക മേഖലക്ക് ഉണര്‍വ് നല്‍കുക എന്നതാണ് ഗവണ്മെന്റിനു മുന്നില്‍ വെല്ലുവിളിയായി തുടരുന്നത്. അതിനെ എത്രത്തോളം മറികടക്കാനാവുമെന്നത് കണ്ടറിയാം.