ഏറാന്‍മൂളികളാവില്ല മാധ്യമങ്ങള്‍

മലയാളത്തിലെ രണ്ടു ടെലിവിഷന്‍ വാര്‍ത്താചാനലുകളുടെ സംപ്രേഷണം വിലക്കിക്കൊണ്ട് കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെതന്നെ ചരിത്രത്തില്‍ അത്യപൂര്‍വമാണ്. ഏഷ്യാനെറ്റ്‌ന്യൂസ്, മീഡിയവണ്‍ വാര്‍ത്താചാനലുകളുടെ സംപ്രേഷണമാണ് വെള്ളിയാഴ്ച രാത്രി 7.30 മുതല്‍ നിര്‍ത്തിവെക്കാന്‍ മന്ത്രി പ്രകാശ്ജാവദേക്കര്‍ നിര്‍ദേശിച്ചത്. ഉത്തരവ് കൈപ്പറ്റി മിനിറ്റുകള്‍ക്കകം ഉപഗ്രഹ സംവിധാനങ്ങളോടെ സംപ്രേഷണം നിര്‍ത്തിവെപ്പിച്ചു. രണ്ട് പ്രമുഖ വാര്‍ത്താചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവെക്കുന്നത് സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് ഹാനികരമാണെന്ന് അറിയാത്തവരാകില്ല കേന്ദ്രം ഭരിക്കുന്നവര്‍. അതും പ്രൈംടൈമില്‍. പ്രതിഷേധം കനത്തതോടെ രാത്രിയോടെ ഏഷ്യാനെറ്റിന്റെയും രാവിലെ മീഡിയവണ്ണിന്റെയും വിലക്ക് വിവേചനപരമായി നീക്കി. വിലക്കിനായി ഡല്‍ഹി വംശീയ അക്രമവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പറഞ്ഞ അര്‍ധസത്യങ്ങളില്‍ പൊതിഞ്ഞ തൊടുന്യായങ്ങള്‍ മോദിസര്‍ക്കാരിന്റെ മനോഗതി ഉച്ചൈസ്തരം തുറന്നുകാട്ടുന്നു. ഡല്‍ഹി കലാപത്തെക്കുറിച്ച് ചര്‍ച്ച ആവശ്യപ്പെട്ടതിന് രണ്ടു ദിവസം മുമ്പാണ് ഏഴ് കോണ്‍ഗ്രസ് അംഗങ്ങളെ ലോക്‌സഭയില്‍നിന്ന് സസ്‌പെന്‍ഡ്‌ചെയ്തത്. തങ്ങള്‍ക്കെതിരെ വിധി പറഞ്ഞ ന്യായാധിപനെ അര്‍ധരാത്രി സ്ഥലംമാറ്റിയതും ഫാസിസ്റ്റ് നീതിശാസ്ത്രം. ഈ വഴിയിലേക്ക് മാധ്യമങ്ങളെയും പിടിച്ചുകെട്ടാമെന്നാണ് സര്‍ക്കാരിന്റെ സ്വപ്‌നമെന്ന് തോന്നുന്നു. തികഞ്ഞ ജനാധിപത്യ വിരുദ്ധതയും നിയോഫാസിസവുമാണിത്.

ഫെബ്രുവരി 23 മുതല്‍ 27 വരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട് 57 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം. ഇതിന് കാരണമായത് ബി.ജെ.പിസര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമമടക്കമുള്ള മുസ്്‌ലിം വിരുദ്ധമായ കരിനിയമങ്ങളും ഇവക്കെതിരെ രാജ്യത്തുയര്‍ന്നുവന്ന പൗരാവകാശ പ്രക്ഷോഭങ്ങളുമായിരുന്നു. ആദ്യമൊക്കെ നിയമംകൊണ്ട് യാതൊരു കുഴപ്പവുമുണ്ടാകില്ലെന്ന് സ്ഥാപിക്കാനും വീടുകള്‍ കയറിയും മറ്റും ബോധ്യപ്പെടുത്താനും ശ്രമിച്ച് പരാജയപ്പെട്ടവര്‍ ഡല്‍ഹി നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ പരാജയമേറ്റുവാങ്ങേണ്ടിവന്നതോടെ അക്രമത്തിലേക്കും കലാപത്തിലേക്കും തിരിയുകയായിരുന്നു. ഫെബ്രുവരി 23ന് വൈകീട്ട് ബി.ജെ.പി നേതാവ് കപില്‍മിശ്ര പൊതുയോഗത്തില്‍ വിളമ്പിയ പ്രകോപനപരമായ പ്രസംഗമാണ് ഡല്‍ഹി കലാപത്തിന് കാരണമായതെന്ന് പ്രസംഗം കഴിഞ്ഞയുടന്‍ പൊട്ടിപ്പുറപ്പെട്ട അക്രമം വ്യക്തമാക്കുന്നു. കപില്‍മിശ്ര, പര്‍വേശ് വര്‍മ, കേന്ദ്രമന്ത്രിമാരായ അനുരാഗ്‌സിങ് താക്കൂര്‍, ഗിരിരാജ്‌സിങ് തുടങ്ങിയവരുടെ പ്രസംഗങ്ങളാണ് കലാപത്തിന് വഴിമരുന്നിട്ടതെന്നത് പകല്‍പോലെ വ്യക്തമായിട്ടും അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ പൊലീസ് കൂട്ടാക്കിയില്ലെന്ന് മാത്രമല്ല, കലാപത്തിന് ചൂട്ടുപിടിച്ചുകൊടുക്കുന്ന ജോലിയാണ് പൊലീസിലെ വലിയൊരു വിഭാഗം നിറവേറ്റിയത്. മുസ്‌ലിം യുവാക്കളെക്കൊണ്ട് ‘ജയ്ശ്രീറാം’ വിളിപ്പിക്കാനും മര്‍ദിച്ച് കൊലപ്പെടുത്താനും തയ്യാറായ പൊലീസ്, വീടുകളും കടകളും പള്ളികളും കത്തിയെരിയുകയും നിരപരാധികള്‍ എരിഞ്ഞുവീഴുകയും ചെയ്യുമ്പോള്‍ അക്രമികളെ അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം നേരില്‍കണ്ട് റിപ്പോര്‍ട്ട്‌ചെയ്തതാണ് കേന്ദ്ര സര്‍ക്കാരിന്റെ ‘കുറ്റം’.

ഫെബ്രുവരി 28ന് ഇരു ചാനലുകള്‍ക്കും മന്ത്രാലയം കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും വിശദീകരണം തൃപ്തികരമല്ലെന്ന് കാണിച്ചാണ് വിലക്കേര്‍പെടുത്തിയത്. ‘മത സ്പര്‍ദ്ധ ഉണ്ടാക്കുന്ന’ രീതിയിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് പറയുന്ന നോട്ടീസുകളില്‍ ഏഷ്യാനെറ്റിലെ പി.ആര്‍ സുനില്‍, മീഡിയവണ്ണിലെ ഹസനുല്‍ബന്ന എന്നിവരുടെ പേരുകള്‍ എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ ഏഷ്യാനെറ്റിലെയും മീഡിയവണ്ണിലെയും വാര്‍ത്തകളിലൊന്നും പ്രകോപനപരമായ യാതൊന്നും കാണാന്‍ അവരുടെ പ്രേക്ഷകര്‍ക്ക് കഴിഞ്ഞില്ല. ഇനി മലയാളികള്‍ ആ വാര്‍ത്തകണ്ടതുകൊണ്ട് ഡല്‍ഹിയില്‍ കലാപം പടരുമെന്ന് ധരിക്കുന്നതും വിചിത്രമാണ്. പള്ളികള്‍ക്ക് തീയിടുന്നതും മിനാരങ്ങളില്‍ കയറി കാവിക്കൊടികെട്ടുന്നതും സ്റ്റേഷനുകളുടെ കവാടം പൂട്ടിയിട്ട് പൊലീസ് ചിരിച്ചുനില്‍ക്കുന്നതുമൊക്കെയാണ് സുനിലിന്റെ റിപ്പോര്‍ട്ടിലുള്ളത്. മാധ്യമ പ്രവര്‍ത്തകരുടെ മതം ചോദിക്കുകയും പലരുടെയും പാന്റ്‌സ് അഴിച്ചുമാറ്റിയുമാണ് ആര്‍.എസ്.എസ് അക്രമികള്‍ അഴിഞ്ഞാടിയതെന്നാണ് മോദി അനുകൂല മാധ്യമങ്ങള്‍പോലും റിപ്പോര്‍ട്ട് ചെയതത്. പല മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. വനിതാജേണലിസ്റ്റുകള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു. കലാപം വഷളാക്കുന്നതിനുള്ള യാതൊന്നും മാധ്യമങ്ങള്‍ ചെയ്തുപോകരുതെന്നുള്ളത് പണ്ടു തന്നെയുള്ള നിയമവും സാമാന്യ മര്യാദയുമാണ്. 1994ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് നിയമത്തിലും ഇത് ആവര്‍ത്തിക്കുന്നുണ്ട്. ആര്‍ട്ടിക്കിള്‍ 16 (1സി), 16(1ഇ) വകുപ്പുകളാണ് വാര്‍ത്തകളിലൂടെ ലംഘിക്കപ്പെട്ടതായി വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രാലയത്തിന്റെ കുറ്റപത്രം. അതേസമയം സമൂഹത്തിലെ യാഥാര്‍ഥ്യങ്ങള്‍ റിപ്പോര്‍ട്ടുകളിലൂടെ ജനങ്ങളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്വവും ഇതോടൊപ്പം മാധ്യമപ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കുമുണ്ടെന്നത് ആര്‍ക്കും വിസ്മരിക്കാനാവില്ല. മീഡിയവണ്ണിന് നല്‍കിയ നോട്ടീസില്‍ പറയുന്നത്, ആര്‍.എസ്.എസ്സിനും ഡല്‍ഹി പൊലീസിനുമെതിരെ വാര്‍ത്ത നല്‍കിയെന്നാണ് . ‘ചാനല്‍ ആര്‍.എസ് എസ്സിനെയും ഡല്‍ഹി പൊലീസിനെയും ചോദ്യംചെയ്യുന്നു. ചാനല്‍ ഡല്‍ഹി പൊലീസിനും ആര്‍.എസ്.എസ്സിനും എതിരാണെന്ന് തോന്നുന്നു’ എന്നീ നോട്ടീസിലെ വരികള്‍ കേന്ദ്ര ഭരണാധികാരികളുടെ വികല മനസ്സിന്റെ തികട്ടലാണ്. ആര്‍.എസ്.എസ്സും സംഘര്‍ഷവും തമ്മിലെന്താണ് ബന്ധമെന്ന് സ്വയം ശരിവെക്കുന്നു ഈ വാചകങ്ങള്‍. കലാപത്തിന് കാരണക്കാരായ ബി.ജെ.പി നേതാക്കളേക്കാള്‍ എന്തുകുറ്റമാണ് മാധ്യമ പ്രവര്‍ത്തകര്‍ ചെയ്തത്? പ്രതികളാരാണെന്നതിന് ഇതിനകം പുറത്തുവന്ന ഏതാണ്ടെല്ലാ മാധ്യമങ്ങളുടെയും വാര്‍ത്തകള്‍തന്നെ യഥേഷ്ടമാണല്ലോ.

വിലക്കിനെതിരെ പ്രതിഷേധം കനത്തപ്പോള്‍ അത് പിന്‍വലിച്ച നടപടിയും തെറ്റു പറ്റിയെന്ന മന്ത്രിയുടെ കുമ്പസാരവും ജനങ്ങളെ കബളിപ്പിക്കലാണ്. മന്ത്രി പറയുന്നത് വിശ്വസിച്ചാലും എന്തിനാണ് ഒരേസമയത്ത് ഏര്‍പെടുത്തിയ വിലക്ക് ഒരേസമയം പിന്‍വലിക്കാതിരുന്നതെന്നതിനും ഉത്തരമില്ല. 2016ല്‍ എന്‍.ഡി.ടി.വിക്കെതിരെ എടുത്ത നടപടി പിന്‍വലിക്കേണ്ടിവന്നതും പ്രതിഷേധത്തെ തുടര്‍ന്നായിരുന്നു. ഏഷ്യാനെറ്റ് മാപ്പുപറഞ്ഞുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ പ്രസ്താവനയെക്കുറിച്ച് വിശദീകരിക്കേണ്ടത് ആ മാധ്യമമാണ്. മാധ്യമ മാരണ നടപടികള്‍ അനവധി നേരിട്ടിട്ടും ഫീനിക്‌സ്പക്ഷിയെപോലെ ഉദിച്ചുയര്‍ന്ന പാരമ്പര്യമാണ് ഇന്ത്യന്‍മാധ്യമങ്ങള്‍ക്കുള്ളത്. ജനങ്ങളെപോലതന്നെ ഭരണകൂടവും ജനാധിപത്യത്തിലെ നാലാംതൂണിന്റെ ഗുണഭോക്താക്കളാണെന്ന് മറക്കരുത്. മാധ്യമധര്‍മത്തെയും അഭിപ്രായസ്വാതന്ത്ര്യത്തെയും അധികാരത്തിന്റെ കരിമ്പടത്തില്‍ ഒളിച്ചുവെക്കാമെന്നാണ് മോഹമെങ്കില്‍ സ്വന്തം നെഞ്ചിനുനേര്‍ക്കുതന്നെയാണ് മോദി ഭരണകൂടം നിറയൊഴിക്കുന്നതെന്ന് അവരില്‍ വിവേകമുള്ളവരുണ്ടെങ്കില്‍ വിളിച്ചുപറയട്ടെ.