2019 വിട പറയുമ്പോള്‍

വാസുദേവന്‍ കുപ്പാട്ട്

അസ്തമിക്കാന്‍ പോവുന്ന വര്‍ഷത്തിലെ രാഷ്ട്രീയ കേരളം

പ്രതിഷേധച്ചൂട്

പൗരത്വനിയമ ഭേദഗതിക്കെതിരെ രാജ്യത്തെമ്പാടും നടക്കുന്ന പ്രതിഷേധക്കൊടുങ്കാറ്റിന്റെ അലയൊലികള്‍ കേരളത്തിലും ശക്തമായി പെരുമ്പറ കൊട്ടുന്ന രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് 2019ന് വിട നല്‍കുന്നത്. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കാനുള്ള മോദി സര്‍ക്കാറിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെതിരെ വര്‍ഗ വര്‍ണ വ്യത്യാസമില്ലാതെ ജനങ്ങള്‍ പ്രതികരിക്കുകയാണ്. കേരളത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും സംയുക്തമായി പ്രതിഷേധം ആചരിക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഒന്നിച്ചാണ് പ്രക്ഷോഭം നയിച്ചത്. നാടിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികളും സാമൂഹിക, സാംസ്‌കാരിക സംഘടനകളും മത, സാമുദായിക സംഘടനകളും പ്രക്ഷോഭത്തിന്റെ പാതയിലാണ്. പൗരത്വനിയമം ഭേദഗതി ചെയ്യുന്നതിനെതിരെ മുസ്്‌ലിംലീഗ് സുപ്രീംകോടതിയെ സമീപിക്കുകയുണ്ടായി. മുസ്്‌ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി തുടങ്ങിയവര്‍ നല്‍കിയ ഹരജിയാണ് സുപ്രീംകോടതി ആദ്യം പരിഗണിച്ചത്. കേസ് ജനുവരി 12ലേക്ക് മാറ്റിയിട്ടുണ്ട്.
ഈ മാസം കോഴിക്കോട്ട് നടന്ന എം.എസ്.എഫ് സംസ്ഥാന സമ്മേളനത്തിലും യൂത്ത്‌ലീഗ് മലപ്പുറത്ത് നിന്ന് കോഴിക്കോട്ടേക്ക് നടത്തിയ ഡേ ആന്റ് നൈറ്റ് മാര്‍ച്ചിലും പ്രതിഷേധം അലയടിക്കുകയുണ്ടായി.
1955ലെ പൗരത്വനിയമത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. ഇതനുസരിച്ച് പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബറിന് മുമ്പ് ഇന്ത്യയില്‍ താമസമാക്കിയ ഹിന്ദു, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ, ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുമെന്നാണ് പറയുന്നത്. അതേസമയം, മുസ്്‌ലിംകള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധം രാജ്യത്തെമ്പാടും ഉയര്‍ന്നുകഴിഞ്ഞു. കേരളത്തില്‍ വിദ്യാര്‍ത്ഥികളും യുവാക്കളും,തൊഴിലാളികളും വ്യാപാരസംഘടനകളും പത്രപ്രവര്‍ത്തകരും സ്്ത്രീകളും രാഷ്ട്രീയത്തിന് അതീതമായി രംഗത്തെത്തിക്കഴിഞ്ഞു. പോരാട്ടം അവസാനിപ്പിക്കാന്‍ ഒരുക്കമല്ല എന്നാണ് എല്ലാവരും വ്യക്തമാക്കിയിട്ടുള്ളത്. 29ന്തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് തരംഗം

ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി. എഫിന് 2019 ഏപ്രില്‍ 23ന് നടന്ന ലോക്്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഐതിഹാസിക വിജയം നേടിയതാണ് കേരള രാഷ്ട്രീയത്തില്‍ ഈ വര്‍ഷത്തെ പ്രധാനപ്പെട്ട സംഭവങ്ങളില്‍ ഒന്ന്്. 20 സീറ്റില്‍ 19ഉം യു.ഡി.എഫ് കരസ്ഥമാക്കി. 2014ല്‍ എട്ടു സീറ്റുകളുണ്ടായിരുന്ന എല്‍.ഡി.എഫിന് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ആലപ്പുഴയില്‍ എ.എം ആരിഫ് ജയിച്ചതുമാത്രമാണ് സി.പി.എമ്മിന് ആശ്വാസമായത്. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, ചാലക്കുടി, തൃശൂര്‍, ആറ്റിങ്ങല്‍, ഇടുക്കി സീറ്റുകള്‍ എല്‍.ഡി.എഫില്‍ നിന്ന്് യു.ഡി.എഫ് പിടിച്ചെടുക്കുകയായിരുന്നു. യു.ഡി.എഫിന്റെ ശക്തമായ പ്രവര്‍ത്തനമാണ് ഐതിഹാസിക വിജയം നേടാന്‍ സഹായിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറക്കുമെന്ന്് പ്രഖ്യാപിച്ച ബി.ജെ.പിക്ക് നിരാശയായിരുന്നു ഫലം.

വിവാദങ്ങള്‍ വിടാതെ

മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന സംഭവംഅട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചുകൊന്ന സംഭവം സര്‍ക്കാറിന് ഏറെ പേര്് ദോഷം കേള്‍പ്പിക്കുകയുണ്ടായി. ഒക്ടോബര്‍ 28, 29 തിയതികളിലാണ് സംഭവം. ഏറ്റുമുട്ടല്‍ കൊലപാതകം എന്നാണ് പൊലീസ് ഇതിനെ വിശേഷിപ്പിച്ചിരുന്നതെങ്കിലും സംഭവം ഏകപക്ഷീയമായ വെടിവെപ്പായിരുന്നുവെന്ന് സ്ഥലത്ത് അന്വേഷണം നടത്തിയ മനുഷ്യാവകാശ സംഘടനകളും മറ്റും വ്യക്തമാക്കുകയുണ്ടായി. സംഭവത്തെ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട് രംഗത്തെത്തിയിരുന്നുവെങ്കിലും ജനങ്ങളുടെ വിശ്വാസ്യത നേടാന്‍ സാധിച്ചില്ല. മാവോയിസ്റ്റുകളുടെ രാഷ്ട്രീയം എന്തായാലും ഒരു കമ്യൂണിസ്റ്റ് ഭരണകൂടം ഇങ്ങനെ ചെയ്യാന്‍ പാടുണ്ടോ എന്നാണ് ഘടകകക്ഷിയായ സി.പി.ഐ ഉന്നയിച്ചത്. ഇതിന്റെ പേരില്‍ സി.പി.ഐയും സി.പി.എമ്മുമായി പലപ്പോഴും കൊമ്പുകോര്‍ക്കുകയുണ്ടായി. മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയത് ന്യായീകരിക്കാനാവില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ തുറന്നടിച്ചു. എന്നാല്‍ അടിയന്തരാവസ്ഥയുടെ കാര്യം പറഞ്ഞ് സി.പി.എം പ്രതിരോധിക്കുകയായിരുന്നു. സി.പി.എം സംസ്ഥാനം ഭരിക്കുമ്പോള്‍ മോവായിസ്റ്റുകള്‍ കൊല്ലപ്പെടുന്നത് ആദ്യത്തെ സംഭവമല്ല. നേരത്തെ നിലമ്പൂരും വയനാട്ടിലും സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

യുവാക്കള്‍ക്കെതിരെ യു.എ.പി.എ കേസ്

സി.പി.എം പ്രവര്‍ത്തകരായ കോഴിക്കോട് പന്തീരാങ്കാവിലെ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവരെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ. പി.എ ചുമത്തി അറസ്റ്റ് ചെയ്തതും സര്‍ക്കാറിനെയും സി.പി.എമ്മിനെയും ഒരുപോലെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു. നവംബര്‍ ഒന്നിനാണ് താഹയും ഷുഹൈബും അറസ്റ്റിലാവുന്നത്. യു.എ.പി.എ പോലുള്ള കാടന്‍ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് ഉറപ്പ് നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷുഹൈബിന്റെയും താഹയുടെയും കാര്യത്തില്‍ പിറകോട്ട് പോവുകയായിരുന്നു. തുടക്കത്തില്‍ രണ്ടു യുവാക്കള്‍ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തത് സി.പി.എമ്മായിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ യുവാക്കള്‍ക്ക് വേണ്ടി തുടക്കത്തില്‍ രംഗത്ത് വന്നെങ്കിലും പിന്നീട് പാര്‍ട്ടി നിലപാട് മാറ്റി. ഷുഹൈബും താഹയും മാവോയിസ്റ്റ് ആശയഗതിക്കാരാണെന്ന്്് പാര്‍ട്ടി പരസ്യമായി പൊതുയോഗത്തില്‍ വ്യക്തമാക്കി. കേസ് ഇപ്പോള്‍ എന്‍.ഐ.എ ഏറ്റെടുത്തിരിക്കുകയാണ്. കേസ് എന്‍.ഐ.എ കോടതിയിലേക്ക് മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തിന്റെ പേരില്‍ പ്രാദേശികമായി സി.പി.എമ്മില്‍ പ്രതിഷേധം ഇനിയും അണഞ്ഞിട്ടില്ല.

വിയോഗം

കേരള കോണ്‍ഗ്രസ് എം. നേതാവ് കെ.എം മാണിയുടെ വിയോഗം രാഷ്ട്രീയകേരളത്തെ നൊമ്പരപ്പെടുത്തിയഒന്നായിരുന്നു. ഏപ്രില്‍ ഒമ്പതിനാണ് കെ. എം മാണി അന്തരിച്ചത്. മന്ത്രി, ജനപ്രതിനിധി എന്നീ നിലകളില്‍ നിരവധി റെക്കോര്‍ഡുകള്‍ക്ക് ഉടമയായ കെ.എം മാണി അധികാര രാഷ്ട്രീയത്തോട് ചേര്‍ന്നും പ്രതിപക്ഷ നിരയോട് ചേര്‍ന്നും പൊതുജീവിതത്തില്‍ നിറഞ്ഞുനിന്ന വ്യക്തത്വമായിരുന്നു. പാല അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച് 1965മുതല്‍ മാണി ഉണ്ടായിരുന്നു. 1975ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ അംഗമായി. എ.കെ ആന്റണി, ഉമ്മന്‍ചാണ്ടി മന്ത്രിസഭകളില്‍ റവന്യൂ, ജലസേചനം, ധനകാര്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തു. പന്ത്രണ്ട് പുസ്തകങ്ങളുടെ കര്‍ത്താവാണ്. മുന്‍മന്ത്രിയും കുട്ടനാട് എം.എല്‍.എയുമായ തോമസ് ചാണ്ടിയുടെ നിര്യാണവും 2019ന്റെ നഷ്ടപട്ടികയില്‍ ഇടം നേടുന്നു. ഡിസംബര്‍ 20നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. എന്‍.സി.പിയുടെ സംസ്ഥാന പ്രസിഡണ്ട് പദവിയിലിരിക്കെയാണ് മരണം. 72 വയസ്സായിരുന്നു.