ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് ഇംഗ്ലണ്ട്; ഭീഷണിയുമായി ഓസ്‌ട്രേലിയ, പോളണ്ട്, ജപ്പാന്‍ ടീമുകളും രംഗത്ത്‌

ലണ്ടന്‍: റഷ്യന്‍ ലോകകപ്പിന് ബഹിഷ്‌കരണ ഭീഷണി. ഇംഗ്ലണ്ടിന് പിന്നാലെ ഓസീസ്, പോളണ്ട്, ജപ്പാന്‍ ടീമുകളും ഭീഷണിയുമായി രംഗത്തുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് മുന്‍ റഷ്യന്‍ സൈനികന്‍ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ എന്നിവരെ മാര്‍ച്ച് നാലിന് ഇംഗ്ലണ്ടിലെ സാലിസ്ബറിയില്‍ വെച്ച് വിഷം നല്‍കി വകവരുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ റഷ്യയാണെന്ന ആരോപണമാണ് പുതിയ സംഭവ വികാസങ്ങള്‍ക്കു പിന്നില്‍.
ക്രെംലിന്‍ നേരിട്ടാണ് ഇവരെ വകവരുത്താന്‍ ശ്രമിച്ചതെന്നാണ് ബ്രിട്ടന്റെ ആരോപണം. ഇത് ശരിയെന്ന് തെളിഞ്ഞാല്‍ റഷ്യയില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ നിന്നും പിന്‍മാറുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങളാണ് ഇംഗ്ലണ്ട് ആലോചിക്കുന്നത്. ഇതിനു പുറമെ റഷ്യക്കെതിരെ നയതന്ത്ര, സൈനിക നടപടികളെ കുറിച്ച് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക എന്നിവരുമായി ചര്‍ച്ച നടത്തുന്നുണ്ട്.

മുന്‍ റഷ്യന്‍ സൈനികന്‍ സെര്‍ജി സ്‌ക്രിപാല്‍, മകള്‍ യൂലിയ

പുട്ടിനെതിരായ നീക്കമെന്ന നിലയില്‍ ലോകകപ്പ് ബഹിഷ്‌കരിക്കാന്‍ ആവശ്യപ്പെടുമെന്ന് ബ്രിട്ടീഷ് വിദേശകാര്യ കമ്മിറ്റി ചെയര്‍മാന്‍ ടോം ടൂജന്ററ്റ് പറഞ്ഞു. അതേ സമയം റഷ്യന്‍ ലോകകപ്പില്‍ നിന്നും പിന്‍മാറുന്ന ടീമിനെ 2022 ലോകകപ്പില്‍ നിന്നും വിലക്കുമെന്ന് ഫിഫ മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ചാരവൃത്തി ആരോപിച്ച് തടവിലായിരുന്ന സെര്‍ജി സ്‌ക്രിപാലിനെ 2010ല്‍ റഷ്യ ജയില്‍ മോചിതനാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ഇംഗ്ലണ്ടിലേക്ക് താമസം മാറ്റിയത്. വിഷം ഉള്ളില്‍ ചെന്ന നിലയിലാണ് സ്‌ക്രിപാലിനേയും മകളേയും സാലിസ്ബറിയില്‍ കണ്ടെത്തിയത്. നാഡീവ്യൂഹത്തെ മരവിപ്പിക്കുന്ന തരത്തിലുള്ള വിഷമാണ് ഇരുവര്‍ക്കും നല്‍കിയത്. ഇരുവരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.