പകര്‍ത്താന്‍ കഴിയാത്തത്രയും സുരക്ഷാ സംവിധാനങ്ങളോടെയാണ് രണ്ടായിരം രൂപ നോട്ടുകള്‍ പുറത്തിറക്കുന്നതെന്നായിരുന്നു നോട്ടുനിരോധനകാലത്ത് കേന്ദ്ര സര്‍ക്കാര്‍ വാദിച്ചിരുന്നത്. എന്നാല്‍ വ്യാജനോട്ടടിക്കന്‍ എളുപ്പം 2000 നോട്ടാണെന്നാണ് പുറത്തു വരുന്ന വിവരം. രാജ്യത്ത് പിടിക്കപ്പെടുന്ന കള്ള നോട്ടുകളില്‍ അഞ്ചില്‍ ഒന്ന് വീതം 2000 രൂപ നോട്ടുകളാണ്. കണക്കുകള്‍ പുറത്ത് വിട്ടത് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തന്നെയാണ്.
2018ല്‍ മാത്രം രാജ്യത്തു പിടികൂടിയത് 10.96 കോടി മൂല്യമുള്ള രണ്ടായിരം രൂപയുടെ 54,776 വ്യാജ നോട്ടുകളാണ്. പല നോട്ടുകളായി ആകെ പിടികൂടിയത് 17.95 കോടി മൂല്യം വരുന്ന 2,57,243 വ്യാജ നോട്ടുകളും. അതായത്, പിടിച്ചെടുത്ത അഞ്ചില്‍ ഒരു നോട്ട് കോപ്പിയടിക്കാന്‍ കഴിയാത്തതാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപെട്ടിരുന്ന രണ്ടായിരം രൂപയുടെ വ്യാജനാണ്. മൊത്തം പിടികൂടിയതിന്റെ 61 ശതമാനം വരുമിത്.
നോട്ടുനിരോധനത്തിനു ശേഷം രാജ്യത്തു പിടികൂടിയ 2000ത്തിന്റെ വ്യാജനോട്ടുകളില്‍ 26.28 ശതമാനവും ഗുജറാത്തില്‍ നിന്നാണ്. ബംഗാളാണ് രണ്ടാം സ്ഥാനത്ത് . തമിഴ്‌നാട് , ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ 3, 4 സ്ഥാനത്തും. വന്‍തുകയ്ക്കുള്ള വ്യാജനോട്ടുകള്‍ വളരെ കുറഞ്ഞ സമയത്തില്‍ അച്ചടിച്ച്, വളരെ കുറവ് സ്ഥലത്ത് സൂക്ഷിക്കാനാകുന്നുവെന്നതാണ് 2000 നോട്ടിനെ കള്ളനോട്ടുകാരുടെ പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി റിസര്‍വ് ബാങ്ക് നിര്‍ത്തിയെന്നും കുറച്ചുകൊണ്ടു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.