ഇസ്ലാമബാദിലെ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല; പാകിസ്താനോട് പ്രതികരണം തേടി കേന്ദ്രം

ന്യൂഡല്‍ഹി: പാകിസ്താനില്‍ ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായതില്‍ പ്രതികരണം തേടി കേന്ദ്രം. ഇസ്ലാമബാദ് ഹൈക്കമ്മീഷനിലെ രണ്ട് ഉദ്യോഗസ്ഥരെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പാകിസ്താന്‍ വിദേശകാര്യ മന്ത്രാലയവുമായി ഇന്ത്യ ബന്ധപ്പെട്ട വരികയാണ്. രാവിലെ എട്ട് മണി മുതലാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാതായത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ രണ്ടുപേരും സി.ഐ.എസ്.എഫ് ഡ്രൈവര്‍മാരാണെന്നും ഇസ്ലാമാബാദില്‍ ഡ്യൂട്ടിക്ക് പുറത്തായിരുന്നുവെന്നും വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് മണിക്കൂറായി ഇവരെ കുറിച്ച് വിവരമില്ലെന്നും വിഷയത്തില്‍ സര്‍ക്കാര്‍ പാകിസ്ഥാന്‍ അധികൃതരുമായി ബന്ധപ്പെട്ടതായും വൃത്തങ്ങള്‍ പറയുന്നു.

അതേസമയം, മെയ് 31-ന് രണ്ട് പാകിസ്താന്‍ എംബസി ഉദ്യോഗസ്ഥരെ ഇന്ത്യ ചാരവൃത്തിക്ക് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ തിരിച്ചയയ്ക്കുകയും ചെയ്തു. ഇന്ത്യ പാകിസ്ഥാന്‍ പ്രവര്‍ത്തകരെ പുറത്താക്കിയതുമുതല്‍ ഇസ്ലാമാബാദില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതൃപ്തി പ്രകടിപ്പിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിപ്പിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഔദ്യോഗികാവശ്യത്തിനായി പുറപ്പെട്ട രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ലെന്ന വിവരം പുറത്തു വരുന്നത്.

ഇന്ത്യ എടുത്ത നിലപാടിനോട് രണ്ട് ഉദ്യോഗസ്ഥരെ പാകിസ്താന്‍ തിരിച്ചയയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം വലിയ രീതിയില്‍ ഉപദ്രവിക്കുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.