കൊല്‍ക്കത്തയില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം രണ്ടു യുവാക്കളെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

കൊല്‍ക്കത്ത:പശുക്കളെ കടത്തിയെന്നാരോപിച്ച് രണ്ടുപേരെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. നോര്‍ത്ത് ബംഗാളിലാണ് സംഭവം. കൂച്ച് ബെഹാര്‍, ദൂബ്രി എന്നിവിടങ്ങളിലുളളവരാണ് കൊല്ലപ്പെട്ടവര്‍. എന്നാല്‍ ഇവരുടെ പേരു വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ 19-കാരനാണ്.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടു കൂടിയാണ് കന്നുകാലികളുമായി പോയിരുന്ന ട്രക്ക് ആള്‍ക്കൂട്ടം വളഞ്ഞത്. ഡ്രൈവറുള്‍പ്പെടെ മൂന്നുപേര്‍ വാഹനത്തില്‍ ഉണ്ടായിരുന്നു. ഇവര്‍ക്കുനേരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മര്‍ദ്ദനത്തില്‍ സംഭവസ്ഥലത്തുവെച്ചുതന്നെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഡ്രൈവറെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, സംഭവത്തില്‍ ഇതുവരെ ആരേയും പോലീസ് അറസ്റ്റു ചെയ്തിട്ടില്ല.

മാസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് നോര്‍ത്ത് ബംഗാളില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടാവുന്നത്. കഴിഞ്ഞ ജൂണില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. ബക്രീദ് അടുത്തതോടെ നിരവധി പേരാണ് ഗോസംരക്ഷകരായി രംഗത്തെത്തുന്നത്.